Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക് സർക്കാരിന് വധഭീഷണി; തലയറുക്കുന്നവർക്ക് 5.5 ലക്ഷം രൂപ പാരിതോഷികം

Tripura Chief Minister Manik Sarkar

അഗർത്തല ∙ ത്രിപുര മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സർക്കാരിനു നേരെ ഫെയ്സ്ബുക് പോസ്റ്റിലൂടെ ഭീഷണി. മണിക് സർക്കാരിന്റെ തലയറുക്കുന്ന ആളിന് 5.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന ‘ലോക കമ്യൂണിസ്റ്റ് വിരുദ്ധ സമിതി’യുടെ പേരിലുള്ള അറിയിപ്പ് റിയാ റോയി എന്നൊരാളാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. വ്യാജ പേരിലുള്ള ഫേസ്ബുക് അക്കൗണ്ടാണിതെന്നു പൊലീസ് കരുതുന്നു. പെൺകുട്ടിയുടെ ചിത്രത്തോടു കൂടിയ പ്രൊഫൈൽ ചിത്രമാണ് നൽകിയിരിക്കുന്നത്. സംഭവം വിവാദമായപ്പോൾ പോസ്റ്റ് നീക്കം ചെയ്തുവെന്നും ത്രിപുര പൊലീസ് അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടുവെന്നും പശ്ചിമ അഗർത്തല പൊലീസ് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഐപിസിയിലെയും ഐടി ആക്ടിലെയും നിയമങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന വിദഗ്ധരുടെ സഹായവും കേസിൽ തേടുമെന്ന് പശ്ചിമ ത്രിപുര ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

സ്വാതന്ത്ര്യദിനത്തിൽ തന്റെ പ്രസംഗം ദൂരദർശൻ പ്രക്ഷേപണം ചെയ്തില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മണിക് സർക്കാർ രംഗത്തെത്തിയിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുനേരെയും വധഭീഷണിയുണ്ടായിരുന്നു. പിണറായിയുടെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്ത് ആണ് ഭീഷണി മുഴക്കിയത്. ഇയാളെ, പിന്നീട് സംഘടനയിൽ നിന്നും പുറത്താക്കി.

related stories