Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസ് സിഇഒ വിശാൽ സിക്ക രാജിവച്ചു; ഇനി എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ

Vishal Sikka

ന്യൂഡൽഹി∙ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ പദവികളിൽനിന്നു വിശാൽ സിക്ക രാജിവച്ചു. വിവരം സ്ഥിരീകരിച്ച കമ്പനി സെക്രട്ടറി എ.ജി.എസ്. മണികന്ദ, സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവിയിൽ തുടരുമെന്നും വ്യക്തമാക്കി. പ്രവീൺ റാവുവിനെ ഇടക്കാല സിഇഒ ആയി നിയമിച്ചു. പുതിയ സിഇഒയെ നിയമിക്കും വരെ സിക്കയ്ക്ക് എംഡിയുടെയും സിഇഒയുടെയും അധികച്ചുമതല ഉണ്ടായിരിക്കുമെന്ന് ഇൻഫോസിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തന്ത്രപരമായ കാര്യങ്ങളിൽ മുൻകരുതലെടുക്കുക, ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതികമേഖലയിലെ വികസനം തുടങ്ങിയവയായിരിക്കും സിക്കയുടെ പുതിയ ചുമതലകൾ. ഇൻഫോസിസിന്റെ ബോർഡിനായിരിക്കും സിക്ക റിപ്പോർട്ടു ചെയ്യേണ്ടത്. ഇടക്കാല സിഇഒ, എംഡി പദവികളിൽ നിയമിക്കപ്പെട്ട പ്രവീൺ റാവു സിക്കയ്ക്കായിരിക്കണം റിപ്പോർട്ടു ചെയ്യേണ്ടതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഇൻഫോസിസിന്റെ ഓഹരികളിൽ വലിയ ഇടിവുണ്ടായതിനു പിന്നാലെയാണ് രാജി. സിക്കയുടെ പ്രവർത്തികളിൽ മുൻ ചെയർമാൻ നാരായണമൂർത്തിയടക്കം പലതവണ അതൃപ്തി അറിയിച്ചിരുന്നു. ആരോപണങ്ങളിൽ മനംമടുത്താണ് രാജിയെന്ന് സിക്ക കത്തിൽ പറയുന്നു.