Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർസിലോന ഭീകരാക്രമണം: മുഖ്യപ്രതിയുടെ ചിത്രം പുറത്തുവിട്ടു, തിരച്ചിൽ ശക്തം

Barcelona-attack

മഡ്രിഡ് ∙സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാർസിലോനയിൽ ആളുകൾക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റി 13 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിലെ ഡ്രൈവറെ പൊലീസ് തിരയുന്നു. മൊറോക്കോ വംശജനായ യൂനസ് അബൗയാക്കുബ് (22) ആണ് വാൻ ഒാടിച്ചിരുന്ന ഡ്രൈവറെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിനുശേഷം ഇയാൾ ഒാടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിലുണ്ടായിരുന്ന ഡ്രിസ് ഒബ്കിര്‍ എന്ന പതിനേഴുകാരൻ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് വധിച്ചിരുന്നു. സംഘം കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഉത്തര ബാഴ്സലോനയിലെ റിപ്പോൾ എന്ന നഗരത്തിലാണ് അബൗയാക്കുബ് താമസിച്ചിരുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇവിടെനിന്നും അറസ്റ്റ് ചെയ്തിരുന്നു. ഡ്രിസ് ഒബ്കിര്‍ അല്ല മുഖ്യ ആസൂത്രകനെന്നും ഡ്രൈവറായിരുന്ന അബൗയാക്കുബ് ആണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബാര്‍സിലോനയിലേതിനു സമാനമായ രീതിയിൽ സ്പെയിനിലെതന്നെ കാംബ്രില്‍സില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകര്‍ത്തിരുന്നു. ജനക്കൂട്ടത്തിലേക്ക് വാഹനം ഒാടിച്ചുകയറ്റാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. ഇക്കൂട്ടത്തിലാണ് ഒബ്കിർ കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനെ റിപ്പോളിൽ നിന്നും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ബാർസിലോനയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവം നടന്ന സെൻട്രൽ ബാർസിലോനയിലെ ലാസ് റാംബ്‌ലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്. വാഹനങ്ങൾക്കു പ്രവേശമില്ലാത്ത ഈ മേഖലയിൽ കാൽനടക്കാർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റുകയായിരുന്നു. അൻപതോളം പേർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു.