Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനനെ ട്രംപ് പുറത്താക്കി

Steve Bannon

വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് മുഖ്യഉപദേഷ്ടാവ് സ്റ്റീവ് ബാനനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ഏറെക്കാലമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് പുറത്താക്കല്‍. തിരഞ്ഞെടുപ്പ് കാലം മുതല്‍ ട്രംപ് ക്യാംപിലെ വിശ്വസ്തനായിരുന്നു തീവ്രദേശീയവാദിയായ ബാനന്‍.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയ ശില്‍പിയായിരുന്നു സ്റ്റീവ് ബാനന്‍. ആഗോളീകരണ വിരുദ്ധ-ദേശീയവാദ നയത്തിന്റെ വക്താവായാണ് ബാനന്‍ അറിയപ്പെട്ടിരുന്നത്. ട്രംപിന്റെ ട്രേഡ് മാര്‍ക്കായ ‘അമേരിക്ക ഫസ്റ്റ്’ എന്ന ആശയം രൂപപ്പെടുത്തിയതിനു പിന്നിലും സ്റ്റീവ് ബാനന്റെ ഇടപെടലായിരുന്നു. അമേരിക്കയുടെ മുഖ്യ സുരക്ഷാ ഉപദഷ്ടാക്കളില്‍ ഒരാളായി വരെ ബാനനെ ട്രംപ് നിയമിച്ചു.ഏതിര്‍പ്പുകളെ തുടര്‍ന്ന് പിന്നീട് സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും.

എന്നാല്‍, അടുത്തകാലത്തായി ഇരുവര്‍ക്കുമിടയില്‍ പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിരുന്നു. വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി മൂന്നാഴ്ച മുന്‍പാണ് ജനറല്‍ ജോണ്‍ കെല്ലി സ്ഥാനമേറ്റത്. ഇത് പുറത്താക്കലിന്റെ ആദ്യപടിയായി. ഉത്തരകൊറിയന്‍ വിഷയത്തിലും ബാനന്റെ അഭിപ്രായം ട്രംപിനെ ചൊടിപ്പിച്ചു.

വിര്‍ജീനിയയിലെ വംശീയ കലാപത്തില്‍ ദേശീയവാദികള്‍ക്ക് അനുകൂലമായി ട്രംപ് സ്വീകരിച്ച നിലപാട് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പ് നേരിട്ടു.ഇതിനിടയിലാണ് കടുത്ത ദേശിയവാദിയായ ബാനനെ പുറത്താക്കിയത് എന്നതും ശ്രദ്ധേയമാണ്.