Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോശാലയിലെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; ബിജെപി നേതാവ് അറസ്റ്റിൽ

goshala ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലെ വിവാദ ഗോശാലയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

റായ്പുർ ∙ ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ ഭക്ഷണം കിട്ടാതെ 27 പശുക്കൾ ചത്ത സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. ജമൂൽ മുൻസിപ്പാലിറ്റി വൈസ് പ്രസിഡന്റു കൂടിയായ ഹരീഷ് വർമ എന്നയാളാണ് അറസ്റ്റിലായത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഇയാളുടെ ഗോശാലയിലാണ് 27 പശുക്കൾ പട്ടിണി മൂലം ചത്തത്. അതേസമയം, 300ൽ അധികം പശുക്കളാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇവിടെ ദുരൂഹ സാഹചര്യത്തിൽ ചത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് രാജ്യ ഗോസേവാ ആയോഗാണ് പൊലീസിൽ പരാതി നൽകിയത്. പശുക്കൾക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാത്തതാണ് പശുക്കൾ ചാകാൻ കാരണമെന്ന് ഇവിടം സന്ദർശിച്ച ഗോസേവാ ആയോഗ് പ്രവർത്തകർ പൊലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കി.

ഹരീഷ് വർമയെ അറസ്റ്റ് ചെയ്ത വിവരം ദുർഗ് റേഞ്ച് ഐജി ദിപാൻഷു കബ്ര സ്ഥിരീകരിച്ചു. 2004ലെ ഛത്തീസ്ഗഢ് കാർഷിക കന്നുകാലി സംരക്ഷണ നിയമത്തിന്റെ നാല്, ആറ് വകുപ്പുകൾ, 1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ 11–ാം വകുപ്പ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409–ാം വകുപ്പ് എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, തൊഴുത്തിന്റെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞുവീണാണ് പശുക്കൾ ചത്തതെന്നാണ് ഹരീഷ് വർമയുടെ നിലപാട്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ മൃഗഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തെ ഇവിടേക്ക് അയച്ചതായി ദുർഗ് അഡീഷണൽ കലക്ടർ സഞ്ജയ് അഗർവാൾ വ്യക്തമാക്കി. ജില്ലാ ഭരണകൂടം സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

related stories