Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിക്ക പ്രഹര’ത്തിൽ ഇൻഫോസിസ്; 13,000 കോടിയുടെ ഒാഹരികൾ തിരിച്ചുവാങ്ങും

Infosys

ന്യൂഡൽഹി ∙ സിഇഒ, എംഡി സ്ഥാനങ്ങളിൽനിന്നുള്ള വിശാൽ സിക്കയുടെ അപ്രതീക്ഷിത രാജി സൃഷ്ടിച്ച പ്രത്യാഘാതം മറികടക്കുന്നതിന് ഓഹരികൾ തിരിച്ചുവാങ്ങാനൊരുങ്ങി ഇൻഫോസിസ്. 13,000 കോടി രൂപയുടെ ഒാഹരികൾ തിരികെ (ഷെയർ ബൈബാക്ക്) വാങ്ങാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി സ്ഥാപനമായ ഇൻഫോസിസിന്റെ തീരുമാനം. 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇൻഫി ഓഹരി ഉടമകൾ ഏറ്റവും ഭീമമായ നഷ്ടം നേരിട്ടതിനു പിന്നാലെയാണ് ഓഹരികൾ തിരിച്ചെടുക്കാനുള്ള നീക്കം.

ഇതിനായി കഴിഞ്ഞ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നൽകും. 1150 രൂപയാണ് ഒരു ഒാഹരിയുടെ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്ക്. ഇൻഫി ബോർഡ് ഒാഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.

ഇൻഫോസിസ് ഓഹരികളിൽ പണം നിക്ഷേപിച്ചവർക്കു സിക്കയുടെ രാജി മൂലം ഒറ്റ ദിവസംകൊണ്ടു നഷ്ടമായത് 22,000 കോടിയിലേറെ രൂപയാണ്. നാരായണ മൂർത്തിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഇൻഫി ഓഹരികളുടെ മൂല്യത്തിലുണ്ടായ ഇടിവാകട്ടെ 750 കോടിയോളം രൂപ. ഇൻഫിയുടെ 36 വർഷത്തെ ചരിത്രത്തിനിടയിൽ നിക്ഷേപകർക്ക് ഇത്ര ഭീമമായ നഷ്ടം ആദ്യമാണ്.

ബൈബാക്കിൽ മികച്ച വില പ്രതീക്ഷിച്ചു വ്യാഴാഴ്ച ഓഹരി വാങ്ങിക്കൂട്ടിയവർക്കാണു സിക്കയുടെ രാജി കനത്ത പ്രഹരമായത്. ഓഹരികൾ തിരികെ വാങ്ങണമെന്നതു സ്ഥാപകരിൽ ചിലർ ഉൾപ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. മിച്ചമുള്ള മൂലധനം നിക്ഷേപകർക്കു തിരികെ നൽകുന്ന ഏർപ്പാടാണു ‘ഷെയർ ബൈബാക്ക്’. ടിസിഎസ് ഉൾപ്പെടെ ഏതാനും ഐടി കമ്പനികൾ ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്. ഇതു തന്നെയാണ് ഇൻഫോസിസും ഇപ്പോൾ പിന്തുടർന്നത്.