Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസഫർനഗർ ട്രെയിനപകടം: തെളിവുകൾ ഇന്നുതന്നെ സമർപ്പിക്കണമെന്ന് റെയിൽവേ മന്ത്രി

Suresh Prabhu

ന്യൂഡൽഹി∙ ഉത്തർപ്രദേശ് മുസഫർനഗറിൽ പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിലെ പ്രഥമവിവര റിപ്പോർട്ട് ഇന്നുതന്നെ സമർപ്പിക്കണമെന്ന് റെയിൽവേയ്ക്ക് മന്ത്രി സുരേഷ് പ്രഭുവിന്റെ നിർദേശം. നിലവിലെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പാളങ്ങൾ പുനഃസ്ഥാപിക്കുന്നതിനാണു മുൻതൂക്കമെന്നും മന്ത്രി പറഞ്ഞു. പരുക്കേറ്റവർ‌ക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങളിൽ യാതൊരു വിധത്തിലുമുള്ള വീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച വൈകിട്ടാണ് ട്രെയിൻ പാളം തെറ്റി 23 പേർ മരിച്ചത്. നൂറിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിന്റെ ആഘാതത്തിൽ ഒരു കോച്ച് മറ്റുള്ളവയ്ക്കു മുകളിൽ കയറിയ നിലയിലാണ്. ഒരെണ്ണം സമീപത്തെ വീട്ടിലേക്കും ഇടിച്ചുകയറി. ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലായിരുന്നു അപകടം. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ.

ഖട്ടൗലി സ്റ്റേഷനിൽനിന്ന് എടുത്തയുടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിനൊപ്പം പാളത്തിന്റെ വശങ്ങൾ അറ്റകുറ്റപ്പണിക്കു ശേഷം മണ്ണിട്ടു പൂർവസ്ഥിതിയിലാക്കാത്തതും അപകടത്തിലേക്കു നയിച്ചതായി സൂചനയുണ്ട്. ദേശീയ ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 3.5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരുക്കുള്ളവർക്കു 25,000 രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു.

Train

കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശാനുസരണം, ദേശീയ ദുരന്തനിവാരണ സംഘത്തിന്റെ രണ്ടു യൂണിറ്റുകൾ സ്ഥലത്തെത്തി. കേന്ദ്ര മന്ത്രിമാരായ സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ തുടങ്ങിയവരെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശാനുസരണം രണ്ടു സംസ്ഥാന മന്ത്രിമാരും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

അതേസമയം, അപകടം അട്ടിമറിയാണെന്നു സംശയിച്ചെങ്കിലും ഇതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. അട്ടിമറി സംശയത്തിന്റെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഒരു വർഷത്തിനിടെ അഞ്ച് ട്രെയിൻ അപകടങ്ങളാണ് യുപിയിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു.

Train-Derail1
Train-Derail ഉത്തർപ്രദേശ് മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റിയപ്പോൾ. ചിത്രം: എഎൻഐ ട്വിറ്റർ