Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രി സന്ദർശനം രാഹുൽ റദ്ദാക്കി; മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ കാണും

Rahul Gandhi

ലക്നൗ ∙ കുരുന്നുകളുടെ കൂട്ടമരണത്താൽ വിവാദകേന്ദ്രമായ ഗോരഖ്പുർ ബാബ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രി സന്ദർശനം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉപേക്ഷിച്ചു. രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു തീരുമാനം മാറ്റിയത്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുല്‍ ഗാന്ധി ഗോരഖ്പുരിലെത്തിയത്.

പുറത്തുനിന്നുള്ളവർ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ വാര്‍ഡുകളിലും കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ നിർദ്ദേശത്തെത്തുടർന്നാണു രാഹുൽ ഗാന്ധി ആശുപത്രി സന്ദർശനം ഒഴിവാക്കിയത്. എന്നാൽ, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളിൽ രാഹുൽ സന്ദര്‍ശനം നടത്തും. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ക്ക് ഊർജം പകരാനായാണു രാഹുല്‍ ഗാന്ധി ഗോരഖ്പുര്‍ സന്ദര്‍ശിക്കുന്നത്. ആശുപത്രിയിലെത്തുന്ന രാഹുല്‍, ജപ്പാന്‍ജ്വരം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു.

അതിനിടെ, സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണു ഗോരഖ്പുർ ദുരന്തത്തിനു കാരണമെന്നു മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ സുപ്രീംകോടതി ജ‍ഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.