Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ വിഷയം, ഭീകരവാദം, നക്സലിസം; 2022 നകം പരിഹാരമെന്ന് രാജ്നാഥ്

Rajnath Singh

ന്യൂ‍ഡൽഹി ∙ കശ്മീരിലെ അതിർത്തി പ്രശ്നം ഉൾപ്പെടെ രാജ്യം നേരിടുന്ന എല്ലാ പ്രധാന പ്രശ്നങ്ങൾക്കുമുള്ള പരിഹാരം 2022നകം കണ്ടെത്തുമെന്ന വാഗ്ദാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീർ വിഷയം, ഭീകരവാദം, നക്സ‌ലിസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം അഞ്ചു വർഷത്തിനകം പരിഹാരം കാണുമെന്നാണ് പ്രഖ്യാപനം.

‘നവഭാരത രൂപീകരണ’വുമായി ബന്ധപ്പെട്ട് ‘വാഗ്ദാനങ്ങളിൽനിന്ന് പൂർത്തീകരണത്തിലേക്ക്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അഞ്ചു പതിറ്റാണ്ടിലധികമായി രാജ്യത്തെ വലയ്ക്കുന്ന പ്രശ്നങ്ങൾക്ക് അഞ്ചു വർഷത്തിനകം പരിഹാരം കണ്ടെത്തുമെന്ന ഉറപ്പ് മന്ത്രി നൽകിയത്. 2018നകം ഇന്ത്യ–ബംഗ്ലദേശ് അതിർത്തി സമ്പൂർണമായി അടച്ചു സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ വാഗ്ദാനങ്ങളുമായുള്ള ആഭ്യന്തര മന്ത്രിയുടെ രംഗപ്രവേശം.

‘ഇന്നു രാജ്യം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഭീകരവാദം, നക്സ‌ലിസം, കശ്മീർ വിഷയം തുടങ്ങിയവ. ഇതേക്കുറിച്ച് അധികമൊന്നും പറയേണ്ടതില്ല. എന്നാൽ, നവഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ശക്തി പകരാൻ 2022നകം ഇവയെല്ലാം പരിഹരിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു – മന്ത്രി പറഞ്ഞു. 1942ൽ ‘ക്വിറ്റ് ഇന്ത്യ’ പ്രതിജ്ഞയെടുത്ത നമ്മുടെ പൂർവികർക്ക് 1947ൽ ബ്രിട്ടിഷുകാരെ തുരത്താൻ സാധിച്ചെങ്കിൽ, 2017ൽ ‘നവഭാരത പ്രതിജ്ഞ’യെടുക്കുന്ന നമുക്ക് എന്തുകൊണ്ട് 2022 ആകുമ്പോഴേക്കും നവഭാരതം കെട്ടിപ്പടുത്തുകൂടെന്നും അദ്ദേഹം ചോദിച്ചു.

പട്ടിണി, അഴിമതി, ഭീകരവാദം, വർഗീയത, ജാതീയത തുടങ്ങിയ വെല്ലുവിളികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം യോഗത്തെ ആഹ്വാനം ചെയ്തു.

related stories