Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ധവിശ്വാസത്തിലൂടെ ജനങ്ങളെ പിറകോട്ടു കൊണ്ടുപോകുന്നു: മുഖ്യമന്ത്രി പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഗൂഢനീക്കത്തിനെതിരെ തുടർച്ചയായ രണ്ടാംദിനവും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ശക്തികളാണു യുക്തിചിന്തയെ വെറുക്കുന്നതെന്നു പിണറായി പറഞ്ഞു. എഴുത്തുകാരനും സാമൂഹ്യസേവകനും ശാസ്ത്ര പ്രചാരകനും യുക്തിവാദിയുമായ ഡോ. നരേന്ദ്ര ദബോൽക്കറുടെ നാലാം ചരമദിനത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനങ്ങളെ സേവിക്കാനും അവരിൽ ശാസ്ത്രചിന്തയുണ്ടാക്കാനും ജീവിതം സമർപ്പിച്ച ദബോൽക്കറുടെ ജീവനെടുത്തത് ആരാണെന്നു നമുക്കറിയാം. ശാസ്ത്രത്തെയും യുക്തിചിന്തയെയും ഭയപ്പെടുകയും പുരോഗമന ആശയങ്ങളെ വെറുക്കുകയും ചെയ്യുന്നവരാണ് ഇതിനുപിന്നിൽ. ഈ ശക്തികൾക്കു ഭരണകൂടത്തിന്റെ സംരക്ഷണവും പിന്തുണയും ലഭിക്കുന്നു എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപചയം. അന്ധവിശ്വാസത്തിലൂടെ ജനങ്ങളെ പിറകോട്ടു കൊണ്ടുപോകാനാണ് അവരുടെ ശ്രമം.

ദാബോൽക്കർ കൊല്ലപ്പെട്ടതിനു ശേഷമാണ് എഴുത്തുകാരനും യുക്തിവാദിയും സിപിഐ നേതാവുമായ ഗോവിന്ദ് പൻസാരെ 2015 ഫെബ്രുവരിയിൽ മുംബൈയിൽ വധിക്കപ്പെട്ടത്. അധികം വൈകാതെ കന്നട സാഹിത്യകാരനും പണ്ഡിതനും യുക്തിവാദിയുമായ എം.എം. കൽബുർഗി കൊല്ലപ്പെട്ടു. അന്ധവിശ്വാസത്തിന്റെ പിടിയിൽനിന്ന് ജനങ്ങളെ മോചിപ്പിച്ച് അവരെ ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും വഴിയിലേക്കു കൊണ്ടുവരാൻ പരിശ്രമിച്ചവരായിരുന്നു മൂന്നു പേരും. അന്ധവിശ്വാസ പ്രചാരണത്തിനു ഭരണകൂടം തന്നെ നേതൃത്വം നൽകുന്നു എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രചിന്തയെക്കുറിച്ചു പറയുന്ന ഭരണഘടനയോടു കൂറു പ്രഖ്യാപിച്ച് അധികാരമേറ്റവര്‍ അതിനു വിരുദ്ധമായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഐതിഹ്യകഥകളും കെട്ടുകഥകളും പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ശനിയാഴ്ച കൊച്ചിയിലും അഭിപ്രായപ്പെട്ടിരുന്നു.

related stories