Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസഫർനഗർ അപകടം: ഉത്തരവാദിത്തം കേന്ദ്ര റെയിൽവേ മന്ത്രിക്കാണെന്ന് കോൺഗ്രസ്

Muzaffarnagar: Coaches of the Puri-Haridwar Utkal Express train after it derailed in Khatauli near Muzaffarnagar on Saturday.

ന്യൂഡൽഹി∙ മുസഫർനഗർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനാണെന്ന് കോൺഗ്രസ്. അശ്രദ്ധയുടെ പുതിയ റെക്കോർഡ് ആണ് സുരേഷ് പ്രഭു കുറിച്ചിരിക്കുന്നത്. 23 യാത്രക്കാരുടെ മരണത്തിൽ ബിജെപി സർക്കാരിനുള്ള ഉത്തരവാദിത്തം ഒരു ഗൂഢാലോചന തിയറി കൊണ്ടുവന്നാലും ഒഴിവാക്കാനാകില്ലെന്നും എഐസിസി വക്താവ് രൺദീപ് സിങ് സുർജേവാല പ്രസ്താവനയിൽ അറിയിച്ചു.

2014 മേയിൽ അധികാരമേറ്റെടുത്തതുമുതൽ 27 പ്രധാനപ്പെട്ട റെയിൽ അപകടങ്ങളാണ് മോദി സർക്കാരിന്റെ സുരക്ഷാ റെക്കോർഡിനെ ഇരുണ്ടതാക്കുന്നത്. ഈ അപകടങ്ങളിൽനിന്നായി 259 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 899 പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുന്‍ഗണനകൾ പുനഃക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റെയിൽവേ സുരക്ഷയ്ക്കായി ബജറ്റ് വിഹിതം കൂടുതൽ നൽകണം. അല്ലാതെ ബുള്ളറ്റ് ട്രെയിനുകൾ കൂടുതൽ ഓടിക്കുകയല്ല.

ആശയവിനിമയത്തിലെ പിഴവാണ് അപകടത്തിനു പിന്നിലെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. സുരക്ഷാ മുൻകരുതലുകളുടെ അപര്യാപ്തതയും കുറ്റകരമായ അവഗണനയുമാണത്. അശ്രദ്ധയുടെയും ഒരുക്കമില്ലായ്മയുടെയും പുതിയ റെക്കോർഡുകളാണു സുരേഷ് പ്രഭുവും റെയിൽവേ ഭരണാധികാരികളും ചേർന്നു സൃഷ്ടിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കേണ്ട സമയമായി. ബുള്ളറ്റ് ട്രെയിനുകളെയെല്ലാം നമുക്കു മറക്കാം, മോദി സർക്കാർ അധികാരമേറ്റെടുത്തതിനുശേഷം 27 ട്രെയിൻ അപകടങ്ങൾ ഉണ്ടായി. ഇതിൽ ആറെണ്ണം കഴിഞ്ഞ 15 മാസത്തിനുള്ളിൽ ഉത്തർപ്രദേശിൽത്തന്നെയാണ് ഉണ്ടായത്.

ഓരോ തവണ അപകടം ഉണ്ടാകുമ്പോഴും ഗൂഢാലോചന സിദ്ധാന്തം ഇറക്കി റെയിൽവേ അധികൃതർ കൈകഴുകും. എന്നാൽ വസ്തുതകൾ അതിനു വിരുദ്ധമാണ്. സ്വകാര്യവൽക്കരണത്തിനുള്ള പദ്ധതികൾ തുടർച്ചയായി പുറത്തിറക്കുകയാണ് റെയിൽവേ മന്ത്രി. കൂടുതൽ സമയവും ട്വിറ്ററിൽ ആണ് സമയം ചെലവഴിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയെന്ന പ്രാഥമിക കടമ നിർവഹിക്കുന്നതിൽപ്പോലും അദ്ദേഹം പരാജയപ്പെട്ടു. അടിസ്ഥാ സൗകര്യങ്ങളും സുരക്ഷിത റെയിൽ ശൃംഖലയുമാണു ജനങ്ങളുടെ ആവശ്യമെന്നും സുർജേവാല കൂട്ടിച്ചേർത്തു.