Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മുങ്ങിയ' പടക്കപ്പലിനെ 72 വർഷത്തിനുശേഷം 'കണ്ടെത്തി', 18,000 അടി താഴ്ചയിൽനിന്ന്

USS–Indianapolis രണ്ടാം ലോകമഹായുദ്ധത്തിൽ കടലിൽ മുങ്ങിത്താണ യുഎസ്എസ് ഇന്ത്യാനപൊളിസ്. ചിത്രം: യുഎസ് നേവി

വാഷിങ്ടൻ∙ ഏഴു പതിറ്റാണ്ടിലധികമായി ശാന്തമായിരുന്നു, യുദ്ധകാഹളം മുഴക്കിയിരുന്ന ഈ പടക്കപ്പൽ. രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസിന്റെ അഭിമാന യുദ്ധക്കപ്പലായിരുന്ന യുഎസ്എസ് ഇന്ത്യാനപൊളിസിന്റെ (സിഎ 35) അവശിഷ്ടങ്ങളാണു കഴിഞ്ഞദിവസം ഗവേഷകർക്കു ലഭിച്ചത്. 18,000 അടി താഴ്ചയിൽനിന്ന് ഇത്രയും പഴക്കമേറിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ലഭിക്കുന്നത് അപൂർവമാണ്.

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മനുഷ്യസ്നേഹിയുമായ പോൾ ജി. അലന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നോർത്ത് പസഫിക് സമുദ്രത്തിൽ ഫിലിപ്പീൻസ് തീരത്തോടുചേർ‌ന്നുള്ള കടലിൽനിന്നു കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 13 പേരാണ് ഗവേഷകസംഘത്തിൽ ഉണ്ടായിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ ബോംബുവേധ അന്തർവാഹിനി ആക്രമണത്തിലാണ് യുഎസ്എസ് ഇന്ത്യാനപൊളിസ് തകർന്നത്. ആക്രമണത്തെതുടർന്ന് 1945 ജൂലായ് 30ന് കപ്പൽ മുങ്ങിപ്പോയി.

USS Indianapolis3 രണ്ടാം ലോകമഹായുദ്ധത്തിൽ കടലിൽ മുങ്ങിത്താണ യുഎസ്എസ് ഇന്ത്യാനപൊളിസിന്റെ അവശിഷ്ടം. ചിത്രം: ട്വിറ്റർ

ജപ്പാന്റെ ആക്രമണമേറ്റ കപ്പൽ 12 മിനിറ്റിനുള്ളിൽ പൂർണമായും മുങ്ങിത്താണു. അപകട സന്ദേശം അയക്കാനുള്ള സമയംപോലും കിട്ടിയില്ല. ഈ സമയത്തിനിടെ നാവികരും മറ്റു ജീവനക്കാരുമുൾപ്പെടെ 1,196 പേരിൽ 800 പേർ കടലിലേക്കു ചാടി രക്ഷപ്പെട്ടു. എന്നാൽ നാലഞ്ചു ദിവസം ഇവർക്കു കടലിൽത്തന്നെ കഴിയേണ്ടി വന്നു. പതിവു പട്രോളിങ്ങിനിടെ മറ്റൊരു കപ്പലാണ് അവശരായ നാവികരെ കണ്ടത്. ഇതിനിടെ പ്രതികൂല കാലാവസ്ഥയും നിർജലീകരണവും സ്രാവുകളുടെ ആക്രമണവും രോഗങ്ങളും മൂലം ഇതിൽപ്പലരും മരിച്ചു. ആകെ 316 പേർ മാത്രമെ ഒടുവിൽ ജീവിതത്തിലേക്കു കരകയറിയുള്ളൂ. ജീവനക്കാരിൽ 22 പേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. കപ്പലിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു സ്മാരകമാക്കി സംരക്ഷിക്കാനുള്ള ശ്രമങ്ങൾ യുഎസ് നേവി ആരംഭിച്ചു.

USS Indianapolis2 രണ്ടാം ലോകമഹായുദ്ധത്തിൽ കടലിൽ മുങ്ങിത്താണ യുഎസ്എസ് ഇന്ത്യാനപൊളിസിന്റെ അവശിഷ്ടം. ചിത്രം: ട്വിറ്റർ

ഹിരോഷിമയുടെ സർവനാശത്തിന് ഉപയോഗിച്ച ആണവബോംബ് ‘ലിറ്റിൽ ബോയ്’ നിർമിക്കാനാവശ്യമായ സാമഗ്രികൾ ടിനിയൻ ദ്വീപിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച കപ്പലാണ് യുഎസ്എസ് ഇന്ത്യാനപൊളിസ്. കപ്പലിനെ ആസ്പദമാക്കി യുഎസ്എസ് ഇന്ത്യാനപൊളിസ് – മെൻ ഓഫ് കറേജ് (2016), സ്റ്റീവൻ സ്പിൽബർഗിന്റെ ജോസ് (JAWS- 1975) എന്നീ സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. യുഎസ്എസ് ഇന്ത്യാനപൊളിസിലെ ധീരരായ നാവികരെയും അവരുടെ കുടുംബത്തെയും ഓർക്കാനും അവർക്ക് ആദരമർപ്പിക്കാനും ഈ കണ്ടെത്തൽ സഹായിക്കുമെന്നു പോൾ ജി. അലൻ അഭിപ്രായപ്പെട്ടു.

ബ്രിട്ടനുമുണ്ട് കപ്പൽച്ചേതത്തിന്റെ കഥ

ബ്രിട്ടനും പറയാനുണ്ട് രണ്ടാം ലോകമഹായുദ്ധകാലത്ത് തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കിട്ടിയ കഥ. യുദ്ധസമയത്ത് അപ്രത്യക്ഷമായ ബ്രിട്ടീഷ് മുങ്ങിക്കപ്പൽ എച്ച്എംഎസ് പി311 2016 മേയിലാണ് കണ്ടെത്തിയത്. 71 ജീവനക്കാരുമായി മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ഇറ്റലിയിലെ സർഡിനിയയുടെ വടക്കുകിഴക്കൻ തീരത്തുള്ള ടാവോലാര ദ്വീപിന് അടുത്തായി നൂറുമീറ്റർ ആഴത്തിലാണ് കണ്ടെത്തിയത്.

USS Indianapolis1 രണ്ടാം ലോകമഹായുദ്ധത്തിൽ കടലിൽ മുങ്ങിത്താണ യുഎസ്എസ് ഇന്ത്യാനപൊളിസിന്റെ അവശിഷ്ടം. ചിത്രം: ട്വിറ്റർ

1943 ജനുവരി രണ്ടിനാണ് കപ്പൽ അപ്രത്യക്ഷമായത്. 1942 ഡിസംബർ 28ന് ലാ മഡാലീന തുറമുഖത്ത് നങ്കൂരമിട്ട രണ്ടു ഇറ്റാലിയൻ യുദ്ധക്കപ്പലുകൾ നശിപ്പിക്കുക എന്നതായിരുന്നു എച്ച്എംഎസ് 311ന്റെ നിയോഗം. ഇതിനായി മാൾട്ടയിൽ നിന്നു പുറപ്പെട്ട കപ്പൽ ശത്രുവിന്റെ ആക്രമണത്തിൽ തകരുകയും കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുപോകുകയുമായിരുന്നു.