Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയും ഇളവരശിയും ജയിലിൽനിന്ന് പുറത്തു പോയിരുന്നുവെന്ന് ആരോപണം

roopa-sasikala ഡിഐജി രൂപ, വി.കെ.ശശികല (ഫയൽ ചിത്രം)

ബെംഗളൂരു∙ അഴിമതിക്കേസിൽ തടവിൽ കഴിയുന്ന വി.കെ.ശശികലയും ബന്ധു ഇളവരശിയും ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിൽനിന്നു പുറത്തുപോയിരുന്നതായി സംശയമുണ്ടെന്നു മുൻ ജയിൽ ഡിഐജി: ഡി. രൂപ. ജയിലിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്ന ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) മുൻപാകെയാണു ഡിഐജി: രൂപ സിസിടിവി ദൃശ്യങ്ങൾ തെളിവായി നൽകിയത്.

ജയിലിലെ പ്രധാന കവാടം എന്നു തോന്നിക്കുന്നിടത്തു ശശികലയും ഇളവരശിയും ജയിൽ വസ്ത്രം അല്ലാതെ, സാധാരണ വസ്ത്രം ധരിച്ച് ഹാൻഡ്‌ ബാഗുമായി നടന്നു പോകുന്നതാണു ദൃശ്യങ്ങളിൽ ഉള്ളത്. വനിതാ ജയിൽ സൂപ്രണ്ടിനെയും പുരുഷ ഗാർഡുകളെയും ഒപ്പം കാണാം. വനിതാ ബ്ലോക്കിൽ സ്ത്രീകൾക്കു മാത്രമാണു പ്രവേശനം.

തന്റെ ആരോപണങ്ങൾ തെളിയിക്കാനായി 74 രേഖകളും ഡി. രൂപ, ആന്റി കറപ്ഷൻ ബ്യൂറോയ്ക്കു നൽകിയിട്ടുണ്ട്. ചോദ്യങ്ങൾക്ക് എഴുതി തയാറാക്കിയ ഉത്തരങ്ങളും തെളിവു സംബന്ധിച്ച രേഖകളുമാണ് രൂപ മറുപടിയായി നൽകിയത്. അതേസമയം, ഈ ദ്യശ്യങ്ങളെല്ലാം പ്രിസൺ ഡേറ്റാ ബേസിലുണ്ടെന്നും ഇവയിൽനിന്നു തന്നെ ശശികലയും ഇളവരശിയും പ്രത്യേക പരിചരണം നേടുന്നതായി വ്യക്തമാണെന്നും രൂപ പറയുന്നു.

ജയിലിൽ ശശികലയ്ക്കു പ്രത്യേക പരിഗണനകൾ ലഭിക്കുന്നുണ്ടെന്നു രൂപ നേരത്തെ റിപ്പോർട്ടു നൽകിയിരുന്നു. പ്രത്യേക ടെലിവിഷൻ, കിടക്ക, വിരി തുടങ്ങിയവ നൽകിയതായും അഞ്ചു സെല്ലുകളിൽനിന്നു തടവുകാരെ ഒഴിവാക്കി ഒരു ഇടനാഴി മുഴുവൻ ശശികലയ്ക്ക് അനുവദിച്ചതായുമായിരുന്നു റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് നൽകിയതിനു പിന്നാലെ ഡിഐജി രൂപയെ ജയിൽ ചുമതലയിൽനിന്നു മാറ്റിയിരുന്നു.

തടവുകാരുടെ യൂണിഫോമിനു പകരം വിലകൂടിയ പട്ടു ചുരിദാർ ധരിച്ച്, കയ്യിൽ ഫാൻസി ബാഗുമായി ബെംഗളൂരു പാരപ്പന സെൻട്രൽ ജയിൽ ഇടനാഴിയിൽ ഉലാത്തുന്ന ശശികലയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.