Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ ഘടികാരഗോപുര മണിനാദം ഇനി നാലുവർഷം മുഴങ്ങില്ല

Elizabeth Tower, known as 'Big Ben'

ലണ്ടൻ∙ ലണ്ടൻ നഗരത്തിന്റെ മണിനാദം താൽകാലികമായി നിലയ്ക്കുന്നു. പാർലമെന്റ് മന്ദിരമായ വെസ്റ്റ്മിനിസ്റ്റർ പാലസിലെ ക്യൂൻ എലിസബത്ത് ടവറിലുള്ള കൂറ്റൻ മണി (ബിഗ് ബെൻ) ഇന്നുമുതൽ 2021വരെ നിശബ്ദമാകും. ഉച്ചയ്ക്കു പന്ത്രണ്ടുമണിക്ക് ബിഗ് ബെൻ നിശ്ചലമാകും. പിന്നീട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി 2021 ലാകും വീണ്ടും ഈ ചരിത്രപ്രസിദ്ധമായ മണിനാദം മുഴങ്ങുക. ടവറിന്റെയും പാലസിന്റെയും അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ബിഗ് ബെന്നിന്റെ പ്രവർത്തനവും താൽകാലികമായി നിർത്തുന്നത്. ഇതിനെതിരെ ചില പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും അനിവാര്യമായ ഈ നടപടികൾക്കു വിരാമമില്ല.

160 വർഷം പഴക്കമുള്ള ടവറിന് 29 മില്യൺ പൗണ്ട് മുടക്കിയാണ് പുതുമുഖവും കരുത്തും നൽകുന്നത്. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ ഉൾപ്പെട്ട ചരിത്രസ്മാരകമാണിത്.

അറ്റകുറ്റപ്പണികൾ ബിഗ് ബെന്നിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്നതിനാലാണു പണികൾ പൂർത്തിയാകുംവരെ ഇതിന്റെ പ്രവർത്തനം നിർത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിനുമുമ്പ് 1983-85 കാലയളവിലാണു ടവറിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. 1856ലാണ് ടവറിനു മുകളിൽ ബിഗ് ബെൻ എന്ന പേരിലുള്ള മണി സ്ഥാപിച്ചത്. 1859 മേയ് 31 മുതൽ ഇതു പ്രവർത്തനവും തുടങ്ങി. 13.5 ടൺ ഭാരമുള്ള മണി ഓരോ മണിക്കൂറിലും മുഴങ്ങി ലണ്ടൻ നഗരത്തെ ജാഗരൂകമാക്കുന്നു. 96 മീറ്റർ ഉയരമുള്ള ക്യൂൻ എലിസബത്ത് ടവറിന്റെ മുകളിലുള്ള ബിഗ് ബെൻ ലണ്ടൻ നഗരത്തിന്റെ പ്രധാന മുഖമുദ്രകളിലൊന്നാണ്.