Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ് കേസിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ചൊവ്വാഴ്ച വിധിപറയും

AFP_B77KT

ന്യൂഡൽഹി ∙ മുത്തലാഖ് കേസില്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വിധിപറയും. മുത്തലാഖ്, ബഹുഭാര്യത്വം വിഷയങ്ങളില്‍ വിധി നിര്‍ണായകമാകും. ഇവ രണ്ടും മുസ്‍ലീം സ്‌ത്രീകളുടെ മൗലികാവകാശ ലംഘനമാണോ എന്നും പരിശോധിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ഭരണഘടനാബെഞ്ചിനു മുന്നിലായിരുന്നു വാദം‌. 

ഒറ്റയിരുപ്പില്‍ മൂന്നു തവണ തലാഖ് പറഞ്ഞു മൊഴി ചൊല്ലുന്നവർക്കെതിരെ ഊരുവിലക്ക് ഏർപ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് സമുദായത്തിനു മാർഗനിര്‍ദേശം നൽകുമെന്നും അഖിലേന്ത്യാ വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് വഴി വിവാഹമോചനം നടത്തരുതെന്നു വിവാഹവേളയിൽ വരന്മാർക്ക് ഉപദേശം നൽകാൻ എല്ലാ ഖാസിമാരോടും ആവശ്യപ്പെടുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. 

15 വർഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേർപെടുത്തിയ സൈറാ ബാനു, 2016ൽ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീൻ റഹ്മാൻ, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പർവീൺ, ദുബായിൽനിന്ന് ഫോണിലൂടെ ഭർത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തിൽ നീതി തേടി കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൻ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യൻ, പാഴ്സി, ഹിന്ദു, മുസ്‌ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്.

മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് അനുവദിച്ചത്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്‌ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസിൽ കക്ഷിചേർന്നിരുന്നു.

മുസ്‌ലിം വിമൻസ് ക്വസ്റ്റ് ഫോർ ഈക്വാലിറ്റി, ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകൾ മുത്തലാഖിനെതിരെയും ഹർജി നൽകി. കേന്ദ്രസർക്കാരും ഒരു കക്ഷിയാണ്. മുൻമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.

related stories