Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കൂട്ടുകെട്ടിനെ വീഴ്ത്താൻ കടുംകൈ പ്രയോഗിക്കുമോ‍ ചിന്നമ്മ പക്ഷം?

sasikala-ttv-dinakaran

ചെന്നൈ ∙ തമിഴ്മക്കളുടെ നവവർഷ ആഘോഷമായ ‘പുത്താണ്ടിനു’ തൊട്ടുപുറകെ, ഇക്കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു, പാർട്ടി ജനറൽ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും പുറത്താക്കിയെന്ന അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രഖ്യാപനം. എന്നിട്ടും എടപ്പാടി കെ.പളനിസ്വാമി വിഭാഗവും ഒ.പനീർസെൽവം വിഭാഗവും തമ്മിലുള്ള ഐക്യത്തിന് നാലു മാസത്തിലേറെയെടുത്തു.

അതേസമയം, ഓഗസ്റ്റ് 25ന് വിനായകചതുർഥി ആഘോഷത്തിന് തുടക്കം കുറിക്കാനിരിക്കെ വിഘ്നങ്ങളെല്ലാം അകന്ന് ഒന്നായതിന്റെ ആശ്വാസമാണ് അണ്ണാഡിഎംകെ ക്യാംപിൽ ഇപ്പോൾ കണ്ടത്. പുതുസഖ്യം രൂപീകരിച്ചതോടെ ഇനി സർക്കാരിന്റെ നിലനിൽപിനു ഭയക്കാനൊന്നുമില്ലെന്നും നേതാക്കൾ കരുതുന്നു. പിളർപ്പ് മുതലെടുത്ത് വിശാല പ്രതിപക്ഷ സഖ്യത്തിന് ഡിഎംകെ ശ്രമിക്കുന്ന സാഹചര്യത്തിൽ ഈ ഐക്യം ചെറുതായ ആശ്വാസമൊന്നുമല്ല അണ്ണാഡിഎംകെ നേതാക്കൾക്കു നൽകുന്നത്.

പക്ഷേ ഇപ്പോഴും നേതാക്കളുടെ നെഞ്ചിടിപ്പിന്റെ താളം തെറ്റിക്കാനുള്ള വെടിമരുന്ന് ടി.ടി.വി.ദിനകരന്റെ കയ്യിലുണ്ടെന്നതാണു യാഥാർഥ്യം. ചിന്നമ്മയോടൊപ്പമാണെന്ന് പ്രത്യക്ഷത്തിൽ തന്നെ പ്രഖ്യാപിച്ചിരിക്കുന്ന 18 എംഎൽഎമാരാണ് ദിനകരന്റെ ആ തുറുപ്പുചീട്ട്. അറ്റകൈ പ്രയോഗം നടത്തിയാൽ, ഇവരെ ഉപയോഗിച്ച് സർക്കാരിനെ താഴെയിറക്കാവുന്നതേയുള്ളൂ.

234 അംഗങ്ങളാണ് തമിഴ്നാട് നിയമസഭയിലുള്ളത്. അതിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 117 പേരുടെ പിന്തുണ. അണ്ണാഡിഎംകെയ്ക്ക് സ്പീക്കർ ഉൾപ്പെടെ ഉണ്ടായിരുന്നത് 135 അംഗങ്ങൾ. ദിനകരനൊപ്പമുള്ള 18 പേരുടെ പിന്തുണ പിൻവലിച്ചാൽ കേവലഭൂരിപക്ഷം അണ്ണാഡിഎംകെയ്ക്ക് നഷ്ടപ്പെടും. ഈ അവസരം പ്രതിപക്ഷത്തിന് മുതലെടുക്കാവുന്നതേയുള്ളൂ. ഭരണം പ്രതിസന്ധിയിലാകും.

വോട്ടിനു വേണ്ടിയും ചിഹ്നത്തിനു വേണ്ടിയും കോടികൾ മുടക്കി വരെ പരിചയമുള്ള ദിനകരന് ഈ പ്രശ്നങ്ങൾക്കിടെ കൂടുതൽ തന്ത്രങ്ങൾ മെനയേണ്ടതിനെപ്പറ്റി മറ്റാരും പറഞ്ഞു കൊടുക്കേണ്ട ആവശ്യവുമില്ല. അതേസമയം ദിനകരനെതിരെ മറുപ്രയോഗങ്ങൾക്ക് തങ്ങളും മടിക്കില്ലെന്ന കാര്യം നേരത്തേത്തന്നെ എതിർപക്ഷം തെളിയിച്ചതാണ്.

തിരഞ്ഞെടുപ്പ് കമ്മിഷനെ കൈക്കൂലി കൊടുത്തു സ്വാധീനിക്കാൻ ശ്രമിച്ചതിനു ദിനകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനു തൊട്ടുപുറകെ അദ്ദേഹത്തിന്റെ അടുത്ത അനുയായി മന്ത്രി വിജയഭാസ്കറിന്റെ ഉൾപ്പെടെ വീട്ടിൽ നടത്തിയ റെയ്ഡുകൾ തന്നെ അതിനു മികച്ച ഉദാഹരണം. ഇപ്പോൾത്തന്നെ പലവിധ കേസുകളുടെ നൂലാമാലകളിൽപ്പെട്ടിരിക്കുന്ന ശശികലയും ദിനകരനും ഈ സാഹചര്യത്തിൽ തുറുപ്പുചീട്ട് പ്രയോഗം പുറത്തെടുക്കാൻ ധൈര്യം കാണിക്കില്ലെന്നാണു പ്രതീക്ഷ.

രണ്ടാമത്തെ വഴി അൽപം ഭയക്കേണ്ടതാണ്. കാരണം ചരിത്രം പോലും ഇക്കാര്യത്തിൽ ചിന്നമ്മയ്ക്കും ദിനകരനുമൊപ്പമാണ്. ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു ശീലമുള്ള മന്നാർഗുഡി മാഫിയയുടെ ഭൂതകാലമാണത്. പോയസ് ഗാർഡനിൽ നിന്നു നിഷ്കരുണം പുറത്താക്കിയിട്ടു പോലും ജയലളിതയുടെ വിശ്വസ്തയായി ശശികല തിരിച്ചു വന്നതു തന്നെ ഉദാഹരണം.

അന്ന് സ്വന്തം കുടുംബത്തെത്തന്നെ തള്ളിപ്പറഞ്ഞാണ് ചിന്നമ്മ ജയലളിതയുടെ തോഴിയായി വീണ്ടുമെത്തിയത്. തക്കതായ സമയത്ത് തിരിച്ചടിക്കുമെന്ന ഭയം അണ്ണാഡിഎംകെയിലെ പുതുസഖ്യത്തിനുമുണ്ട്. പ്രത്യേകിച്ച് പാതിവഴിയിൽ കൂട്ടുപിരിഞ്ഞുപോയ പളനിസ്വാമിക്കും.

പക്ഷേ അത്തരമൊരു നീക്കത്തിന് കാലമേറെയെടുക്കും. മാത്രവുമല്ല പടയ്ക്ക് കോപ്പുകൂട്ടും മുൻപേ ദിനകരനും ശശികലയ്ക്കുമെതിരെ നിയമപരമായും രാഷ്ട്രീയമായും നീക്കങ്ങൾ ശക്തമാക്കി ‘പൂട്ടാനായിരിക്കും’ ഒപിഎസും പളനിസ്വാമിയും ശ്രമിക്കുക.