Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മന്ത്രി ശൈലജയെ രക്ഷിക്കാൻ സിപിഎം നീക്കം

K.K. Shylaja

തിരുവനന്തപുരം∙ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ.സുധീർ ബാബുവിനെ തൽസ്ഥാനത്തുനിന്നു മാറ്റിയേക്കും. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലും ബാലാവകാശ കമ്മിഷൻ നിയമനത്തിലും പ്രതിരോധത്തിലായ മന്ത്രിയെ രക്ഷിക്കാൻ തൽക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാമെന്നാണു സിപിഎം ഉന്നതരുടെ തീരുമാനം.

ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരും അയക്കുന്ന ഫയലുകൾ കൃത്യമായി പരിശോധിച്ചു സർക്കാർ താൽപര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതിലും മന്ത്രിയെ കാര്യങ്ങൾ അത്തരത്തിൽ ബോധ്യപ്പെടുത്തുന്നതിലും ഇദ്ദേഹം വീഴ്ച വരുത്തിയെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഏറെനാളായി പാർട്ടി നേതൃത്വത്തിനു പരാതികൾ ലഭിച്ചിരുന്നു. പാർട്ടിക്കാരുടെ കാര്യങ്ങൾ ഒന്നും അവിടെ നടക്കുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ എല്ലാ ഫയലും നിയമം അനുശാസിക്കുന്ന തരത്തിലാണു പ്രൈവറ്റ് സെക്രട്ടറി കൈകാര്യം ചെയ്തിരുന്നതെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

ഹൈക്കോടതിയിൽനിന്നു പ്രതികൂല പരാമർശം ഏറ്റുവാങ്ങിയ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യവുമായി അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇ.പി.ജയരാജൻ വിഷയത്തിലും ശൈലജയുടെ വിഷയത്തിലും ഇരട്ട നീതിയാണു നടപ്പാക്കുന്നതെന്ന ആക്ഷേപവും സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്. ഈ പശ്ചാത്തലത്തിൽ തൽക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനാണു സർക്കാരിന്റെയും പാർട്ടിയുടെയും ആലോചന. ഡപ്യൂട്ടി കലകട്ർ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പകരക്കാരനായി സെക്രട്ടേറിയറ്റിലെ സിപിഎം അനുഭാവിയായ അഡീഷനൽ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനും ആലോചനയുണ്ട്.

related stories