Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപിഎസ് – ഒപിഎസ് ലയനം ശശികലയെ ചതിക്കുന്നതിനു തുല്യം: ദിനകരൻ

TTV Dinakaran

ചെന്നൈ∙ പളനിസാമി – പനീർസെൽവം പക്ഷങ്ങളുടെ ലയനം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ ചതിക്കുന്നതിനു തുല്യമാണെന്ന് ടി.ടി.വി.ദിനകരൻ. അവരുടേത് ലയനമല്ല. സ്വന്തം താൽപര്യത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള വാണിജ്യകരാർ മാത്രമാണെന്നും ദിനകരൻ ആരോപിച്ചു. ട്വിറ്ററിലൂടെയാണു ദിനകരൻ നിലപാടു വ്യക്തമാക്കിയത്.

തന്റെ രാഷ്ട്രീയ ജീവിതം തുടരുമെന്നു വ്യക്തമാക്കിയ ദിനകരൻ, പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരികെ പിടിക്കുമെന്നും പറഞ്ഞു. ഈ ലയനം എത്രനാൾ നീണ്ടുനിൽക്കുമെന്നതു ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. 1989ൽ എംജിആറിന്റെ മരണത്തിനുശേഷം 1989ലാണു ജയലളിതയെ പാർട്ടി ജനറൽ സെക്രട്ടറിയായി അംഗീകരിച്ചത്. അതിനുശേഷം അവരുടെ കീഴിൽ ഒറ്റക്കെട്ടായി തുടരുകയായിരുന്നു പാർട്ടി. ഇപിഎസ് – ഒപിഎസ് ലയനം പ്രവർത്തകർ ഒരിക്കലും അംഗീകരിക്കില്ല. അവർ തിരഞ്ഞെടുത്ത ജനറൽ സെക്ര‌ട്ടറിയെ പുറത്താക്കുന്നതിനെടുത്ത നടപടികളും അംഗീകരിക്കാനാവില്ലെന്നും ദിനകരൻ പറഞ്ഞു.

ജയലളിതയുടെ മരണത്തിനുശേഷം പളനിസാമിയെയും പനീർസെൽവത്തെയും മുഖ്യമന്ത്രിയാക്കിയ ആളെയാണ് അവർ ചതിച്ചത്. ഈ ചതി പ്രവർ‍ത്തകരെന്നല്ല ആരുംതന്നെ അംഗീകരിക്കില്ല. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം മരവിപ്പിക്കുന്നതിനു കാരണമായതു പനീർസെൽവമാണ്. സംസ്ഥാന സർക്കാരിൽ അഴിമതിയാണെന്ന് ആരോപിച്ച പനീർസെൽവവുമായി കൈകോർക്കാൻ പളനിസാമിക്കു കഴിഞ്ഞതെങ്ങനെയാണെന്നും ദിനകരൻ ട്വിറ്ററിൽ ചോദിച്ചു.