Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറന്നുയരുമോ കോഴിക്കോടുനിന്ന് വലിയ വിമാനങ്ങൾ? പ്രതീക്ഷ പകർന്ന് ബോയിങ്

Kozhikode-Airport കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയരുന്നു. (ഫയൽ ചിത്രം)

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷകൾ വീണ്ടും ചിറകു വിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് ബോയിങ് 777–200 വിമാനത്തിനു സർവീസ് നടത്താനാകുമോ എന്ന കാര്യം പരിശോധിക്കാൻ എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) തീരുമാനിച്ചതോടെയാണിത്. ഇക്കഴിഞ്ഞ ഏപ്രിൽ 26ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (ഡിജിസിഎ), എഎഐയുടെയും പ്രതിനിധികൾ വിമാനത്താവളം സന്ദർശിച്ചിരുന്നു. വിമാനത്താവളത്തിന്റെ നീളം ബോയിങ് 777–200 വിമാനം ഇറക്കുന്നതിന് അനുയോജ്യമാണെന്നും തുടർപരിശോധനയിൽ വ്യക്തമായി.

അന്തിമ തീരുമാനമെടുക്കുന്നതിനു മുന്നോടിയായി എയ്റോഡോം ഓപറേറ്റർ, എയർപ്ലെയ്ൻ ഓപറേറ്റർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസി, എയർ നാവിഗേഷൻ പ്രൊവൈഡർ തുടങ്ങിയവർ അംഗങ്ങളായ സമിതി സാധ്യതാപഠനം നടത്തണമെന്നും ശുപാർശയുണ്ട്. കോഡ്–ഇയിൽ ഉൾപ്പെട്ട ബോയിങ് ബി–747, ബി–777, എയർബസ് എ–330 തുടങ്ങിയ വലിയ വിമാനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു സർവീസ് നടത്തുന്നതിന് 2015 മേയ് ഒന്നു മുതൽ വിലക്കുണ്ട്. എയർ ഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിമാന കമ്പനികളുടെ ഇത്തരം സർവീസുകൾക്കാണു വിലക്കുള്ളത്.

സാധ്യതാ പരിശോധനയ്ക്ക് എഎഐ പച്ചക്കോടി കാണിച്ചതോടെ റൺവേയുടെ നീളം കൂട്ടുന്ന പ്രവർത്തനങ്ങൾ അവസാനിക്കാതെ വലിയ വിമാനങ്ങൾ ഇവിടേക്കു വരില്ലെന്ന ആശങ്കയ്ക്കും അറുതിയാവുകയാണ്. വികസനത്തിന്റെ പേരിൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങളുടെ നിരോധനത്തിന് ഉപാധികളോടെ ഇളവ് അനുവദിക്കാമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഗജപതി രാജു കഴിഞ്ഞ വർഷം ജൂലൈയിൽ ഉറപ്പു നൽകിയിരുന്നു. രാത്രി എട്ടു മുതൽ പകൽ 12 വരെ വിമാനം പറക്കുന്നതിനു സമയം ക്രമീകരിച്ചതും റൺവേ നവീകരണത്തിന്റെ പേരിലായിരുന്നു.

എന്നാൽ, റൺവേ നീളം കൂട്ടിയില്ലെങ്കിൽ കോഡ് ഡി മുതലുള്ള വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുകയില്ലെന്നും അതിനായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകണമെന്നുമുള്ള നിലപാടാണ് എയർപോർട്ട് അതോറിറ്റി പിന്നീട് സ്വീകരിച്ചത്. അതോടെ, നിർമാണം കഴിഞ്ഞാലും വലിയ വിമാനങ്ങൾക്കു സർവീസ് നടത്താൻ കഴിയുന്ന കാര്യം ആശങ്കയിലായി.

വലിയ വിമാന സർവീസുകൾ നടത്തിയിരുന്ന എമിറേറ്റ്സും സൗദി എയർലൈൻസും കരിപ്പൂരിലെ ഓഫിസ് പോലും ഒഴിവാക്കി. എയർ ഇന്ത്യയുടെ ജംബോ ബോയിങ് 747 കൊച്ചിയിലേക്കു മാറ്റി. കരിപ്പൂരിൽ നിന്നു ജിദ്ദ, റിയാദ് സെക്ടറുകളിലേക്കായിരുന്നു അവ സർവീസ് നടത്തിയിരുന്നത്. കൂടുതൽ യാത്രക്കാരുമായി ദിവസേന രണ്ടു സർവീസ് നടത്തിയിരുന്ന എമിറേറ്റ്സിന്റെ ദുബായ് –കോഴിക്കോട് സർവീസുകളും കൊച്ചിയിലേക്കു മാറ്റി.

ഇന്ത്യയിൽ വലിയ ലാഭം കൊയ്തിരുന്ന വിമാനത്താവളങ്ങളിലൊന്നായിരുന്നു കരിപ്പൂർ. വലിയ വിമാനങ്ങൾ ഇല്ലാതായതോടെ കോഴിക്കോട് വിമാനത്താവളത്തിന്റെ വരുമാനത്തിലും കോടികളുടെ കുറവുണ്ടായി. ചെറുവിമാനങ്ങളുടെ രാജ്യാന്തര സർവീസ് ഉള്ളതിനാലാണ് ലാഭം കുറഞ്ഞെങ്കിലും നഷ്ടത്തിലേക്കു പോകാതെ പിടിച്ചുനിൽക്കാനായത്.

related stories