Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിളർപ്പിന്റെ രാഷ്ട്രീയവുമായി അമിത് ഷാ കേരളത്തിലും; ലക്ഷ്യം രണ്ടു കോൺഗ്രസ് നേതാക്കൾ

Amit-Shah

ന്യൂഡൽഹി∙ ദക്ഷിണേന്ത്യ പിടിക്കാൻ കേരളത്തിൽ കോൺഗ്രസിനെയും തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)യെയും പിളർക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ. കേരളത്തിൽ രണ്ടു മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

ഇരു നേതാക്കളെയും ബിജെപി പാളയത്തിലെത്തിച്ചാൽ കേരള രാഷ്ട്രീയത്തിൽ വൻ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സർവേയിലെ റിപ്പോർട്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യം അറിയിക്കാൻ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിർദേശിച്ചിട്ടുമുണ്ട്.

തമിഴ്നാട്ടിൽ എഐഡിഎംകെ വിഭാഗങ്ങളെ ലയിപ്പിക്കുകയെന്ന ബിജെപി പദ്ധതിയുടെ വിജയത്തോടെ കേരളത്തിലേക്കും തെലങ്കാനയിലേക്കും പാർട്ടി ശ്രദ്ധ തിരിക്കും. കേരളത്തിലെ പദ്ധതി നടപ്പാക്കൽ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുമ്പോൾ തെലങ്കാനയിൽ പാർട്ടി ജനറൽ സെക്രട്ടറി റാം മാധവാകും ചുക്കാൻ പിടിക്കുക.

ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പദ്ധതികൾക്കു മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്റെ പ്രവർത്തനകേന്ദ്രം ബെംഗളൂരുവിലേക്കു മാറ്റി. കേരളത്തിൽ ബിജെപിയുടെയും എൻഡിഎയുടെയും വിപുലീകരണത്തിനു സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്റെ സങ്കുചിത നിലപാടുകളാണു തടസ്സമെന്നാണ് അമിത് ഷായുടെ നിഗമനം.

കേന്ദ്ര നേതൃത്വം മുൻപു നിയോഗിച്ചിരുന്ന നേതാക്കളുമായി ആർഎസ്എസ് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്. ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും കേരളത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. തെലങ്കാനയിൽ ടിആർഎസിനെ പിളർക്കാനായി പാർട്ടി എംപി ജിതേന്ദർ റെഡ്ഡിയുമായി ബിജെപി നേതൃത്വം കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ എഐഡിഎംകെ വിഭാഗങ്ങളുമായി ലയന ചർച്ചകളിൽ മധ്യസ്ഥത വഹിച്ച സംഘപരിവാർ നേതാക്കളായ ഗുരുമൂർത്തി, പ്രദീഷ് വിശ്വനാഥൻ എന്നിവരുടെ പ്രവർത്തനം തെലങ്കാനയിലേക്കു മാറ്റാനും അമിത് ഷാ നിർദേശം നൽകിയിട്ടുണ്ട്.