Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലയാളി ഗെയിം: സര്‍ക്കാരും പൊലീസും എന്തുചെയ്തെന്നു കോടതി

Blue whale game

ഡൽഹി∙ കൊലയാളി ഗെയിമായ ബ്ലൂ വെയിൽ ചാലഞ്ചിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഫെയ്സ്ബുക്, ഗൂഗിള്‍,യാഹൂ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവിരടങ്ങിയ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്.

ബ്ലൂ വെയ്‌ൽ ഗെയിമിനെതിരെ എന്തെല്ലാം നടപടികളെടുത്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനും ഡൽഹി പൊലീസിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും യാഹൂവിന്റെയും ഇന്ത്യൻ കേന്ദ്രങ്ങൾക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ബ്ലൂ വെയിൽ ചാലഞ്ച് ഗെയിം നിരോധിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനനുസരിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കണമെന്നും ഈ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗെയിമുമായി ബന്ധപ്പെട്ട് വിവിധ വെബ്സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ തടയണമെന്നാണ് അഭിഭാഷകനായ ഗുർമീത് സിങ് സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. ഓഗസ്റ്റ് 28ന് അടുത്ത വാദം ആരംഭിക്കുന്നതിനു മുൻപായി എല്ലാവരും വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സൈബർ സെക്യൂരിറ്റി സെൽ ഇക്കാര്യത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് ഡൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കി. കേന്ദ്രം ഇതുസംബന്ധിച്ച നിരോധനത്തിന് നിർദേശം നൽകിയതും കോടതിയെ അറിയിച്ചു.

ബ്ലൂ വെയിൽ ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകളെല്ലാം ഒഴിവാക്കണമെന്ന് എല്ലാ സമൂഹമാധ്യമങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിരുന്നു. ഗെയിം ചാലഞ്ച് ഏറ്റെടുത്തവരെ 50 ടാസ്കുകൾക്കൊടുവിൽ ആത്മഹത്യയിലേക്കു നയിക്കുന്ന ബ്ലൂ വെയിൽ ഗെയിം വഴി രണ്ടാഴ്ചക്കിടെ ഇന്ത്യയിൽ മാത്രം ആറിലേറെ മരണം നടന്നതായാണു റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുൾപ്പെടെ 12നും 19നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിലേറെയും.