Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ ബാറുകൾ തുറന്നേക്കും; പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നത് പരിഗണനയ്ക്ക്

bar-liquor-shop Representational image

തിരുവനന്തപുരം∙ 500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപ്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടന്ന് കൂടുതൽ ബാറുകൾ തുറക്കുന്നതിനായി ദേശീയ, സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യുന്ന കാര്യം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. കോർപ്പറേഷൻ, മുനിസിപ്പൽ പരിധിയിലെ റോഡുകൾ ഡീനോട്ടിഫൈ ചെയ്യാനാണ് നീക്കം. മറ്റു സംസ്ഥാനങ്ങൾ നഗരഭാഗങ്ങളിൽ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം.

പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ ദേശീയ പാതകളുടെ പേരു മാറ്റുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങൾ കേരളം പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം രേഖകളും ശേഖരിച്ചു. നഗരപ്രദേശങ്ങളിലെ ദേശീയ,സംസ്ഥാന പാതകളുടെ പേരുമാറ്റി നഗരപാതയാക്കിയാൽ കേരളത്തിൽ 180 മദ്യശാലകൾക്ക് പ്രവർത്തിക്കാം. ഇതിൽ നൂറോളം ബാറുകളും ഉൾപ്പെടും.

റോഡപകടങ്ങൾ വർധിച്ചതിനെത്തുടർന്ന് 2016 ഡിസംബർ 15നാണ് സുപ്രീം കോടതി വിധി വരുന്നത്. ഇതിനെ മറികടക്കാൻ ചില സംസ്ഥാനങ്ങൾ പാതകളുടെ പേര് മാറ്റി. ഇതിനെതിരെയുള്ള കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ സംസ്ഥാനങ്ങളുടെ നടപടിയിൽ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ദേശീയ പാതകൾ നഗരപരിധിയിൽ ആകുമ്പോൾ ട്രാഫിക് വേഗം കുറവാണെന്നും അതിനാൽ തന്നെ പാതകളെ പുനർനാമകരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു.

എന്നാൽ, ഉത്തരവ് അസാധുവാക്കാൻ മാത്രമാണോ പുനർനാമകരണമെന്നു പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാലും അനുകൂല വിധിയുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

കോടതിവിധിയുടെ നാൾവഴികൾ

∙ റോഡപകടങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി 2016 ഡിസംബർ 15നു ദേശീയ,സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിക്കുള്ളിൽ മദ്യവിൽപ്പനയും മദ്യവിൽപ്പന കേന്ദ്രങ്ങളുടെ പരസ്യങ്ങളും നിരോധിക്കുന്നു

∙ കേരളത്തിൽ പൂട്ടിയ മദ്യശാലകൾ: പഞ്ചനക്ഷത്രം–11, ബീർ വൈൻ പാർലർ–619, ബവ്റിജസ് ഔട്ട്ലറ്റ്–134, കൺസ്യൂമർഫെഡ് ഔട്ട്ലറ്റ്–19. കള്ളുഷാപ്പുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 1,956 മദ്യവിൽപ്പന കേന്ദ്രങ്ങൾ പൂട്ടി

∙ ഉത്തരവ് മദ്യക്കടകൾക്കു മാത്രമാണു ബാധകമെന്നും വൈൻ–ബിയർ പാർലർ തുടങ്ങിയവയ്ക്കു ബാധകമല്ലെന്നും കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ വാദം

∙ ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവിൽപ്പശാലകൾക്കുള്ള നിരോധനം ഹോട്ടലുകൾക്കും ബാധകമെന്നു സുപ്രീം കോടതി

∙ ചഡീഗഡ് ചില റോഡുകളെ ഹൈവേ വിഭാഗത്തിൽനിന്ന് ഒഴിവാക്കി മദ്യശാലകൾക്ക് അനുമതി നൽകുന്നു. സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ മുംബൈയിൽ രണ്ട് എക്സ്പ്രസ് വേകളെ നഗരപാതകളാക്കി, അവയുടെ പേര് മാറ്റുന്നു

∙ കർണാടകവും തമിഴ്നാടും ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളും പാതകളുടെ പേര് മാറ്റിത്തുടങ്ങി

∙ പനവേലിൽനിന്ന് ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്ന എൻഎച്ച് 66 ജില്ലാ പാതയാണെന്ന ബാറുടമകളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കേരളത്തിൽ ചില മദ്യശാലകൾ തുറന്നു. പിന്നീട് ഇവ പൂട്ടി.

∙ നഗരമേഖലകളിൽ ദേശീയ,സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ പരിധിയിൽ ബാറുകൾക്കും മദ്യക്കടകൾക്കും നിരോധനമില്ലെന്നു സുപ്രീം കോടതി. മദ്യശാലകൾ നിരോധിച്ച മുൻ ഉത്തരവ് പൂർണ നിരോധനമല്ല. നഗരപരിധിയിലെ റോഡുകളെ ഹൈവേ വിഭാഗത്തിൽനിന്ന് ഒഴിവാക്കി ബാറിന് അനുമതി നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നു കോടതി

∙ ദേശീയപാതകളെ സംസ്ഥാന പാതകളാക്കിയ ചഡിഗഡ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടില്ലെന്നു സുപ്രീം കോടതി. പുനർനാമകരണം ചെയ്യാത്തിടത്തോളം കാലം ദേശീയ, സംസ്ഥാന പാതകൾക്ക് തങ്ങളുടെ ഉത്തരവു ബാധകമെന്നും കോടതി. ഇതേ പാതകൾ നഗരപരിധിയിൽ ആകുമ്പോൾ ട്രാഫിക് വേഗം കുറവാണെന്നും അതിനാൽ തന്നെ പാതകളെ പുനർനാമകരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും കോടതി. ഉത്തരവ് അസാധുവാക്കാൻ മാത്രമാണോ പുനർനാമകരണമെന്നു പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി

∙ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപ്പനയ്ക്കു ദൂരപരിധി നിശ്ചയിച്ച ഉത്തരവുകൾ നടപ്പിലാക്കാൻ മൂന്നുമാസത്തെ സമയം ചോദിച്ചു കേരളം നൽകിയ അപേക്ഷ കോടതി തള്ളി. അപേക്ഷ കാലഹരണപ്പെട്ടതെന്നു വിലയിരുത്തൽ. ഏപ്രിൽ ആദ്യവാരമാണ് കേരളം മൂന്നു മാസത്തെ സമയം ചോദിച്ചത്.

∙ ദൂരപരിധിയിൽ ഇളവു വേണമെന്നു കേരളം അപേക്ഷയിൽ പരാമർശിച്ചെങ്കിലും സമയം നീട്ടുന്നതു മാത്രമാണ് ആവശ്യമായി ഉന്നയിച്ചത്.

related stories