Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ്: വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി മോദി; പുതുയുഗപ്പിറവിയെന്ന് അമിത് ഷാ

Narendra Modi

ന്യൂഡല്‍ഹി∙ മുത്തലാഖ് വിഷയത്തിൽ  സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പ്രതികരണവുമായി പ്രമുഖർ. വിധി ചരിത്രപരം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ മേനക ഗാന്ധി, വിജയ് ഗോയൽ, ബിജെപി നേതാവ് ഷാസിയ ഇൽമി, മുസ്‌ലിം വ്യക്തിനിയമ ബോർഡ് കോൺസൽ സഫർയാബ് ജിലാനി, സുബ്രഹ്മണ്യൻ സ്വാമി, സൽമാൻ ഖുർഷിദ് തുടങ്ങി നിരവധി നേതാക്കൾ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി

മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധി ചരിത്രപരം. വിധി മുസ്‍‌ലിം സ്ത്രീകൾക്ക് തുല്യത നൽകും. വനിതാശാക്തീകരണം ബലപ്പെടുത്താനും സഹായകം.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. തുല്യതയിലേക്കുള്ള മുസ്‌ലിം സ്ത്രീകളുടെ യാത്രയിൽ പുതുയുഗപ്പിറവിയാണിത്.

ബിജെപി നേതാവ് ഷാസിയ ഇൽമി

മുത്തലാഖ് ഖുറാന് വിരുദ്ധമാണ്. ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വിരുദ്ധമാണ്. ഷബാനു മുതൽ സൈറ ബാനു വരെയുള്ളവർ എത്തുന്നതോടെ വൃത്തം പൂർണമാകുന്നു. മുത്തലാഖ് വേണ്ട.

മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി വിധി പൂർണരൂപം വായിക്കാം

കേന്ദ്രമന്ത്രി മേനക ഗാന്ധി

നല്ല വിധി. ലിംഗ നീതിക്കും ലിംഗ തുല്യതയിലേക്കുള്ള അകലം ഒരു ചുവടു കൂടി കുറഞ്ഞു. 

കേന്ദ്രമന്ത്രി വിജയ് ഗോയൽ

ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. മുത്തലാഖ് എന്ന ദുരാചാരത്തിനാണ് അന്ത്യമായിരിക്കുന്നത്.

മുസ്‌ലിം വ്യക്തിനിയമ ബോർഡ് കോൺസൽ സഫർയാബ് സിലാനി

മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധിയെ മാനിക്കുന്നു. മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ നിയമവിഭാഗം വിധി വിശദമായി പരിശോധിക്കും. ഇതിനനുസരിച്ച് മുസ്‍ലിം നിയമ ബോർഡിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഉപദേശം നൽകും. സെപ്റ്റംബർ 10ന് ഭോപാലിൽ ബോർഡ് യോഗം ചേർന്ന് ഭാവികാര്യങ്ങൾ തീരുമാനിക്കും.

ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി

സൂക്ഷ്മബുദ്ധിയുള്ളതാണ് സുപ്രീം കോടതി വിധി. വിധിയെ സ്വാഗതം ചെയ്യുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

വിധി സ്വാഗതാർഹം. ആധുനിക സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമായിരുന്നു മുത്തലാഖ്. നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ വേഗം ഇടപെടണം.

കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്

വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ലിംഗനീതിയിലേക്കും തുല്യതയിലേക്കും അടുപ്പിക്കുന്ന നല്ല തീരുമാനം.

കോൺഗ്രസ് നേതാവ് കപിൽ സിബൽ

ഞങ്ങൾ സുപ്രീം കോടതി വിധിയെ പ്രകീർത്തിക്കുന്നു. വ്യക്തിനിയമങ്ങളെ സംരക്ഷിക്കുന്നതാണ് വിധി. അതേസമയം, മുത്തലാഖിനെ ആക്ഷേപിക്കുകയും ചെയ്യുന്നു.

മുത്തലാഖിലെ നിയമനിര്‍മാണം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ലീഗ്

മുത്തലാഖിലെ നിയമനിര്‍മാണം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ലീഗ്. കോടതിവിധി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമോയെന്ന് ലീഗിന് ആശങ്കയുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് എന്തു നിലപാടെടുത്താലും ലീഗ് അതിനൊപ്പം നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങൾ മുത്തലാഖ് ലംഘിക്കുന്നില്ല. മുത്തലാഖ് ആയിരം വർഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്നും ഇരുവരും വിലയിരുത്തി.

related stories