Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്; വിധി ചരിത്രപരം

supreme-court-flag

ന്യൂഡൽഹി∙ സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി. ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേനയാണ് വിധി പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിക്കുന്ന സുപ്രധാന വിധിയാണിത്. 1954ലെയും 1962ലെയും വിധികൾ ഇതോടെ അസാധുവായി. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിർമാണം നട‍ത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിധി പറഞ്ഞത് ഒൻപതംഗ ഭരണഘടനാ ബെഞ്ച്

ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാറും ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എസ്.എ.ബോബ്‌ഡെ, ആർ.കെ.അഗർവാൾ, റോഹിന്റൻ നരിമാൻ, അഭയ് മനോഹർ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്‌ജയ് കിഷൻ കൗൾ, എസ്.അബ്‌ദുൽ നസീർ എന്നിവരുമുൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്. സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 മാർച്ച് 15ന് എം.പി.ശർമ കേസിൽ എട്ടംഗ ബെഞ്ചും, 1962 ഡിസംബർ 18ന് ഖടക് സിങ് കേസിൽ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധികളാണ് ഇപ്പോൾ അസാധുവായത്. ഭരണഘടനയുടെ 21–ാം അനുച്ഛേദത്തിന്റെ ഭാഗമാണു സ്വകാര്യതയെന്നും കോടതി നിലപാടെടുത്തു.

കേന്ദ്രസർക്കാരിനു തിരിച്ചടി

കേന്ദ്രസർക്കാരിന് തിരിച്ചടി നൽകുന്ന വിധി കൂടിയാണിത്. അതേസമയം, കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് വിലയിരുത്തപ്പെടുന്നു. ആധാർ പദ്ധതി നടപ്പാക്കിയത് നിയമത്തിന്റെ പിൻബലമില്ലാതെയാണ്. ആധാർ നിർബന്ധമാക്കണോയെന്നത് അഞ്ചംഗ ബെഞ്ച് തീരുമാനിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. സാമൂഹിക ക്ഷേമപദ്ധതികൾക്ക് ആധാർ നമ്പർ നിർബന്ധമാക്കുന്നതു ചോദ്യം ചെയ്‌തുള്ള ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ സ്വകാര്യതയ്‌ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒൻപതംഗ ബെഞ്ചിനു വിട്ടു. ഈ വിധി ശരിയാണോയെന്നതാണ് ഒൻപതംഗ ബെഞ്ച് പരിശോധിച്ചത്.

ആധാർ കേസ് അഞ്ചംഗ ബെഞ്ച് പരിഗണിക്കും

എട്ടംഗ ബെഞ്ചിന്റെ ആധാർ കേസുകൾ എത്ര ജഡ്‌ജിമാരുൾപ്പെട്ട ബെഞ്ച് പരിഗണിക്കണമെന്നത് ഒൻപതംഗ ബെഞ്ച് വിധി പറഞ്ഞശേഷം തീരുമാനിക്കുമെന്നാണ് നേരത്തേ കോടതി പറഞ്ഞിരുന്നത്. ഇനി അഞ്ചംഗ ബെഞ്ച് ഈ കേസ് പരിശോധിക്കും. ഭരണഘടനയിൽ സുവ്യക്‌തമായി പറയാത്ത സ്‌ഥിതിക്കു മൗലികത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാവാമെന്നുമാണു കേന്ദ്ര സർക്കാർ നിലപാടെടുത്തത്. ഈ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ബിജെപി ഭരണത്തിലുള്ള സംസ്‌ഥാനങ്ങളും ഈ നിലപാടിനോടു യോജിച്ചിരുന്നു. മറ്റു മൗലികാവകാശങ്ങൾപോലെ സ്വകാര്യതയും സമ്പൂർണമായ അവകാശമല്ലാത്തപ്പോഴും സ്വകാര്യത മൗലികാവകാശമല്ലാതാവുന്നില്ലെന്നാണ് കേരളം വ്യക്തമാക്കിയത്.

ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരില്‍ എതിര്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തിനാണു സുപ്രീംകോടതി ഉത്തരവ് വ്യക്തത വരുത്തിയത്. ആധാര്‍ കാര്‍ഡ് സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം. ഭരണഘടനയില്‍ സുവ്യക്തമായി പറയാത്തതിനാല്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ഇതെല്ലാം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ് ഈ വിധിയിലൂടെ.

വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നാണു കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുന്ന വിധിയാണെന്നതാണ് ശ്രദ്ധേയം. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരമാണെന്നും സ്വകാര്യവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചാല്‍ വ്യക്തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിരുന്നു.

related stories