Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലിഫ് ഹൗസിൽ ആഹ്ലാദം; പിണറായിയുടെ തൊപ്പിയിലെ പൊൻതൂവലെന്ന് കോടിയേരി

pinarayi-kodiyeri

തിരുവനന്തപുരം∙ ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയിൽ പാർട്ടി കേന്ദ്രങ്ങൾ ആഹ്ലാദത്തിൽ. പതിവിനു വിരുദ്ധമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ആഘോഷം അരങ്ങേറി. മധുരം വിതരണം ചെയ്താണ് പ്രവർത്തകരും ഉദ്യോഗസ്ഥരും സന്തോഷം പങ്കുവച്ചത്. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിക്കൊപ്പം സന്തോഷം പങ്കിടാൻ മന്ത്രിസഭാംഗങ്ങളും എത്തിയിരുന്നു. നേതാക്കളുടെ പ്രതികരണങ്ങളിലും ശരീരഭാഷയിലും വിജയഭാവം പ്രകടമായിരുന്നു.

ഹൈക്കോടതി വിധി പിണറായി വിജയന്റെ തൊപ്പിയിലെ പൊൻതൂവലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പിണറായിയെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് സിബിഐ ചെയ്തത്. പല കാലങ്ങളിൽ പല മന്ത്രിമാരും വൈദ്യുതി വകുപ്പ് ഭരിച്ചു. കരാർ ഒപ്പിട്ട മന്ത്രിയുൾപ്പെടെ ഉള്ളവരെ പ്രതി ചേർക്കാതിരുന്ന സിബിഐ പിണറായിയെ കുടുക്കാൻ ശ്രമിച്ചു. കൂട്ടിലടച്ച തത്തയെന്ന് ആക്ഷേപമുള്ള സിബിഐയെ അന്ന് കേന്ദ്രത്തിലിരുന്ന കോൺഗ്രസ് സർ‍ക്കാർ ദുരുപയോഗിക്കുകയായിരുന്നു. പിണറായിയെ മാത്രം പ്രതി ചേർത്ത സിബിഐ നടപടിയെയാണ് ഹൈക്കോടതി വിമർശിച്ചതെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന് സിപിഎം പിന്തുണ പിൻവലിച്ചതോടെയാണു സിബിഐ ഉപയോഗിച്ചു പിണറായിക്കെതിരെ കേസ് സജീവമാക്കിയത്. അക്കാലത്തെ കോൺഗ്രസ് സർക്കാരിന്റെ ഇടപെടലാണു കേസിന് ആധാരം. പിബി അംഗമായ പിണറായിക്കെതിരെ ദേശവ്യാപകമായി പ്രചാരണം നടത്തി. സിപിഎമ്മിന്റെ പ്രതിഛായ മോശപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ ഹൈക്കോടതിയുടെ വസ്തുനിഷ്ഠമായ വിധിയിലൂടെ ആ നീക്കങ്ങളെല്ലാം പൊളിഞ്ഞു.

വിധി സിപിഎമ്മിനു ദേശീയതലത്തിൽതന്നെ വലിയ മുന്നേറ്റത്തിന് കാരണമാകും. പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ലാ‍വ്‌ലിൻ. ഉന്നതനായ രാഷ്ട്രീയ നേതാവിനെ വേട്ടയാടാനുള്ള നീക്കത്തിനാണു ഇപ്പോൾ തിരിച്ചടിയേറ്റത്. അഴിമതിവിരുദ്ധ പ്രതിഛായയുമായി സിപിഎമ്മിനു ദേശീയതലത്തിൽ പ്രവർ‌ത്തിക്കാൻ വിധി ഊർജമാകും. രാഷ്ര്ടീയ പ്രതിയോഗികളെ കേസിൽ കുടുക്കാനുള്ള കേന്ദ്ര സർക്കാരുകളുടെ നീക്കങ്ങൾ ഇനിയെങ്കിലും ഒഴിവാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

related stories