Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; സഭ ബഹിഷ്കരിച്ചു

Opposition in Assembly പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നു.

തിരുവനന്തപുരം ∙ ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനം നേരിട്ട മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. രാജി ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭവിട്ടു. ചോദ്യോത്തരവേള നടക്കുന്നതിനിടെ നടുത്തളത്തില്‍ ബാനറുമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്കരണം. മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ വിമർശനം തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിമർശനങ്ങൾ ഉയർന്നിട്ടും മന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്) എംഡി നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നാണ് ആരോപണം. അപേക്ഷ സ്വീകരിക്കാതെയാണ് നിയമനം നടത്തിയത്. മന്ത്രിയുടെ കുറിപ്പു വഴിയാണ് നിയമനം നടന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 

അതിനിടെ, കെ.കെ. ശൈലജയ്ക്കെതിരെ പാർട്ടിക്കുള്ളിലും വിമർശനമുയർന്നതായി സൂചനയുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. സുധീർ ബാബുവിനെ തൽസ്ഥാനത്തുനിന്നു മാറ്റുമെന്നാണ് വിവരം. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലും ബാലാവകാശ കമ്മിഷൻ നിയമനത്തിലും പ്രതിരോധത്തിലായ മന്ത്രിയെ രക്ഷിക്കാൻ തൽക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാമെന്നാണു സിപിഎം ഉന്നതരുടെ തീരുമാനം. ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരും അയയ്ക്കുന്ന ഫയലുകൾ കൃത്യമായി പരിശോധിച്ചു സർക്കാർ താൽപര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതിലും മന്ത്രിയെ കാര്യങ്ങൾ അത്തരത്തിൽ ബോധ്യപ്പെടുത്തുന്നതിലും ഇദ്ദേഹം വീഴ്ച വരുത്തിയെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.

ഹൈക്കോടതിയിൽനിന്നു പ്രതികൂല പരാമർശം ഏറ്റുവാങ്ങിയ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യവുമായി അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇ.പി. ജയരാജൻ വിഷയത്തിലും ശൈലജയുടെ വിഷയത്തിലും ഇരട്ട നീതിയാണു നടപ്പാക്കുന്നതെന്ന ആക്ഷേപവും സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്. ഈ പശ്ചാത്തലത്തിൽ തൽക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനാണു സർക്കാരിന്റെയും പാർട്ടിയുടെയും ആലോചന.