Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെ: അംഗബലം കൂട്ടി ദിനകരന്‍; കൂറുമാറ്റം ആയുധമാക്കി എടപ്പാടി

TTV Dinakaran and Edappadi Palanisamy

ചെന്നൈ ∙ ഒരു എംഎൽഎ കൂടി ഒപ്പം ചേർന്നതോടെ അണ്ണാ ഡിഎംകെ ദിനകരപക്ഷത്ത് അംഗബലം 23; ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം ആയുധമാക്കി ഔദ്യോഗിക വിഭാഗം – തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബലാബലം തുടരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ 19 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ ചീഫ് വിപ്പ് രാജേന്ദ്രൻ സ്പീക്കർ പി. ധനപാലിനു കത്തുനൽകി. മുഖ്യമന്ത്രിക്കെതിരെ ഗവർണറെ കാണാനിടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടു സ്പീക്കർ എംഎൽഎമാർക്കു നോട്ടിസും നൽകി. അരന്താങ്കി എംഎൽഎ രത്ന സഭാപതിയാണ് ഇന്നലെ ടി.ടി.വി. ദിനകരൻ ക്യാംപിലെത്തിയത്. മൂന്നു സ്വതന്ത്രർ കൂടിയാകുമ്പോൾ 23 പേരുടെ പിന്തുണ. 

വിശ്വാസപ്രമേയം അവതരിപ്പിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ദിനകരപക്ഷം നേതാവ് പുകഴേന്തി ഹൈക്കോടതിയെ സമീപിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും. പ്രശ്നത്തിൽ ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നതിന്റെ സൂചനനൽകി ദേശീയസെക്രട്ടറി എച്ച്. രാജ, പളനിസാമിയെയും ഉപമുഖ്യമന്ത്രി പനീർസെൽവത്തെയും കണ്ടു. എന്നാൽ, സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും മറ്റു ചർച്ചകളൊന്നുമുണ്ടായില്ലെന്നും രാജ മനോരമയോട് പറഞ്ഞു. സർക്കാരിനെ മറിച്ചിടാനില്ലെന്നും മുഖ്യമന്ത്രി പളനിസാമി, പനീർസെൽവം, അഴിമതിക്കാരായ മന്ത്രിമാർ എന്നിവരെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും ദിനകരനൊപ്പമുള്ള പി. വെട്രിവേൽ എംഎൽഎ പറഞ്ഞു. 

പാർട്ടി ജനറൽസെക്രട്ടറി പദത്തിൽ നിന്നു ശശികലയെ തിരക്കിട്ടു നീക്കേണ്ടെന്നാണ് ഇപ്പോൾ ഔദ്യോഗികവിഭാഗത്തിന്റെ നിലപാടെന്നും സൂചനയുണ്ട്. അതിനിടെ, ദിനകരപക്ഷം എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ള പുതുച്ചേരിയിലെ വിൻഡ് ഫ്ലവർ റിസോർട്ടിൽ പുതുച്ചേരി പൊലീസ് പരിശോധന നടത്തി. 

‘അയോഗ്യത’യില്‍ കണ്ണുനട്ട് 

19 പേരെ അയോഗ്യരാക്കിയാൽ സഭയിലെ അംഗ ബലം – 215 

അപ്പോൾ കേവല ഭൂരിപക്ഷത്തിനു വേണ്ടത് - 108 

ദിനകരനു പിന്തുണ പ്രഖ്യാപിച്ച നാലുപേരെ മാറ്റിനിർത്തിയാലും ഔദ്യോഗിക പക്ഷത്തിനൊപ്പം 112 പേർ. 

സർക്കാരിനു വി‌ശ്വാസപ്രമേയം പാസാക്കാൻ പ്രയാസമില്ല. 

സ്വമേധയാ പാർട്ടി അംഗത്വം ഉപേക്ഷി‌ച്ചാലോ, പാർട്ടി വിപ്പ് ലംഘിക്കുകയോ, വോട്ടെടുപ്പിൽനിന്നു മാറിനിൽക്കുകയോ ചെയ്താലോ പാർലമെന്റ്/നിയമസഭാ അംഗത്വം നഷ്ടമാകുമെന്നു കൂറുമാറ്റനിരോധന നിയമം പറയുന്നു. പുറത്താക്കപ്പെട്ട അംഗത്തിനും വിപ്പ് ബാധകം. ഇതു ബാധകമാകാതെ പു‌തിയ പാർട്ടി രൂപീകരിക്കാനോ, മറ്റുപാർട്ടിയിൽ ലയിക്കാനോ നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിൻബലം വേണം. സ്പീക്കർ അയോഗ്യനാക്കിയാലും കോടതിയെ സമീപിക്കാം. കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ നിലപാടെടുത്ത 16 എംഎൽഎമാരെ അയോഗ്യ‌രാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.