Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ നിയമങ്ങൾ ബ്രിട്ടനു ബാധകമല്ലാതാകും: തെരേസ മേ

Theresa May

ലണ്ടൻ∙ ബ്രെക്സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധിയിൽനിന്ന് ബ്രിട്ടൻ പുറത്തുവരുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. രാജ്യത്തു ബ്രിട്ടിഷ് നിയമങ്ങൾക്കനുസരിച്ചുള്ള നിയന്ത്രണങ്ങളും വ്യാഖ്യാനങ്ങളും നിലവിൽവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയുടെ ഈ ആഗ്രഹം പൂർണമായും നടപ്പാക്കുക സാധ്യമല്ലെന്നും യൂറോപ്യൻ നിയമങ്ങൾ ഭാഗികമായെങ്കിലും അനുസരിക്കാൻ ബ്രിട്ടൻ നിർബന്ധിതരാകുമെന്നുമാണു വിമർശകരുടെ വിലയിരുത്തൽ.

യൂണിയനിലെ അംഗരാജ്യങ്ങളെല്ലാം യൂറോപ്യൻ നിയമങ്ങൾ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഇപ്പോൾ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനാണ്. അംഗരാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കും ഇപ്പോൾ അന്തിമപരിഹാരം ഈ കോടതിയിലൂടെയാണ്.

എന്നാൽ ബ്രെക്സിറ്റിനായുള്ള ബ്രിട്ടന്റെ പുതിയ നയരേഖയിൽ ഭാവിയിൽ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരപരിധി അംഗീകരിക്കുന്നില്ല. 2019ൽ ചർച്ചകൾ പൂർത്തിയാകുന്നതോടെ ബ്രിട്ടൻ തനതായ നിയമവ്യവസ്ഥയിലേക്കു ചുവടുമാറ്റും. അതുവരെ കേവലം ജുഡീഷ്യൽ സൂപ്പർവിഷനുള്ള അധികാരം മാത്രമേ ബ്രിട്ടൻ യൂറോപ്യൻ കോർട്ടിനു വാഗ്ദാനം ചെയ്യുന്നുള്ളു.

ബ്രെക്സിറ്റിനുശേഷം ബ്രിട്ടനിൽ താമസിക്കുന്ന മറ്റു യൂറോപ്യൻ പൗരന്മാർക്കും ബ്രിട്ടിഷ് നിയമങ്ങളാകും പിന്നീടു ബാധകമാകുക. നിലവിൽ ബ്രിട്ടനിൽ പ്രാവർത്തികമായുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പലതും തൊഴിലാളികൾക്കും സാധാരണക്കാർക്കും ബ്രിട്ടിഷ് നിയമങ്ങളെക്കാൾ ഗുണകരമാണ്. ഇത് ഇല്ലാതാകുന്നോടെ തൊഴിൽ നിയമങ്ങളും മറ്റും കൂടുതൽ കർശനമാകും.