Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കല്‍ കോഴ: ഇടനിലക്കാരൻ സതീഷ് നായരുടെ മൊഴിയെടുക്കാൻ വിജിലൻസ്

BJP

തിരുവനന്തപുരം∙ മെഡിക്കല്‍ കോഴ ആരോപണത്തിൽ ഡൽഹിയിലെ വിവാദ ഇടനിലക്കാരൻ സതീഷ് നായർ ഇന്നു വിജിലൻസിനു മൊഴി നൽകും. മൊഴി നൽകണമെന്നാവശ്യപ്പെട്ട് വിജിലൻസ് സതീഷ്നായർക്ക് നോട്ടിസ് നൽകിയിരുന്നു. മെഡിക്കൽ കോളജ് അനുമതിക്കായി വർക്കല എസ്.ആർ.മെഡിക്കൽ കോളജ് ഉടമ ആർ.ഷാജി ബിജെപി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്. നേരത്തെ ആർ.ഷാജിയിൽ നിന്ന് 25 ലക്ഷം രൂപ സതീഷ്നായർക്ക് കൈമാറിയതായി ആർ.എസ്.വിനോദ് മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആരോപണത്തെക്കുറിച്ചു പാര്‍ട്ടിതല അന്വേഷണം നടത്തിയ കെ.പി.ശ്രീശൻ, എ.കെ.നസീർ എന്നിവരും വിജിലന്‍സിന് മൊഴിനൽകിയിരുന്നു. കോഴ വിവാദവുമായി ബന്ധപ്പെട്ട പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന കുമ്മനം രാജശേഖരന്റെ വാദം ഇവർ തള്ളി. അന്വേഷണ റിപ്പോര്‍ട്ട് കുമ്മനം രാജശേഖരനു കൈമാറിയിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് യഥാര്‍ഥ റിപ്പോര്‍ട്ടാണോ എന്നറിയില്ലെന്നും ഇരുവരും മൊഴി നൽകി. 

മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും താൻ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ എം.ടി.രമേശിന്റെ പേരുള്ളതായി അറിയില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മൊഴി. പണം വാങ്ങിയ ആളും നൽകിയ ആളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിത്. ഇതിൽ ബിജെപിക്കു ബന്ധമില്ല. വി.വി.രാജേഷിനെതിരെ അച്ചടക്ക നടപടിയെടുത്തതു റിപ്പോർട്ട് ചോർത്തിയതിനല്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മറുപടിയായി കുമ്മനം പറഞ്ഞിരുന്നു. ബിജെപി നേതൃയോഗത്തിൽ കുമ്മനത്തിനെതിരെ പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രതിനിധികൾ ആഞ്ഞടിച്ചിരുന്നു.

അഴിമതിക്കു കളമൊരുക്കാനാണു പാർട്ടിയുമായി ബന്ധമില്ലാത്ത സതീഷ് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നു പലരും വിമർശിച്ചു. മോദിയുടെ സ്റ്റാഫാണെന്നു പറഞ്ഞാണു അദ്ദേഹത്തെ ഇവിടെ അവതരിപ്പിച്ചത്. അഴിമതി വിരുദ്ധ നിലപാട് എടുക്കുന്നതിനു മുൻപു സ്വയം ശുദ്ധമാകണമെന്നും അവർ ആവശ്യപ്പെട്ടു. കുമ്മനംതന്നെയാണു അഴിമതിയുടെ ഭാഗമായി നിന്നതെന്നും ചെറിയ നേതാക്കളെ ബലികൊടുത്തു അതു മറയ്ക്കാനാകില്ലെന്നും അംഗങ്ങളിൽ ചിലർ വിമർശിച്ചിരുന്നു.