Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യത: കേന്ദ്രത്തിനു തിരിച്ചടി; ചരിത്ര വിധിക്കായി വാദിച്ചവരിൽ കേരളവും

Privacy India

ന്യൂഡൽഹി∙ സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധി ആധാർ നിർബന്ധമാക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാരിനു കനത്ത തിരിച്ചടി. കാരണം, സ്വകാര്യത ലംഘിച്ചുള്ള നിയമങ്ങൾ നിർമിക്കാൻ ഇനി സാധ്യമല്ല. കോടതി വിധിയോടെ ആധാറിന് നിയമ പ്രാബല്യമില്ലെന്നും വാദമുണ്ട്. എന്നാൽ ഇക്കാര്യം പരിശോധിക്കാൻ അഞ്ചംഗ ബെഞ്ചിനെ സുപ്രീം കോടതി നിയമിച്ചു.

നേരത്തേ, കോടതിയിൽ നടന്ന വാദത്തിനിടെ, സ്വകാര്യത വ്യക്‌തികളുടെ മൗലികാവകാശമാണെന്നും എന്നാൽ, സ്വകാര്യതയുടെ എല്ലാവശങ്ങളെയും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറൽ (എജി) കെ.കെ. വേണുഗോപാൽ വാദിച്ചിരുന്നു. ജീവിക്കാനുള്ള മൗലികാവകാശത്തെക്കാൾ ഉപരിയല്ല സ്വകാര്യതയ്‌ക്കുള്ള അവകാശമെന്നും വികസിത, വികസ്വര രാജ്യങ്ങളിൽ സ്വകാര്യത സംബന്ധിച്ചുള്ള കാഴ്‌ചപ്പാടുകളെ വേർതിരിച്ചു മനസ്സിലാക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

ഭക്ഷണവും വസ്‌ത്രവും തൊഴിലും കിടപ്പാടവുമില്ലാതെ അനേകർ മരിക്കുന്നിടത്തു ജീവിക്കാനുള്ള അവകാശത്തെ മൗലികമായി പരിഗണിക്കണം. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജീവിക്കാനുള്ള അവകാശം മാത്രമല്ല, ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സാമൂഹികവും സാമ്പത്തികവുമായ നീതിയും വ്യക്‌തിയുടെ അന്തസ്സും കണക്കിലെടുത്താണെന്നും ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവത്തെ ബാധിക്കാവുന്ന സ്വകാര്യതപരമായ അവകാശങ്ങളെ മൗലികാവകാശങ്ങളായി ഉയർത്താനാവില്ലെന്നും വേണുഗോപാൽ വിശദീകരിച്ചു.

ആധാർ നമ്പർ പദ്ധതി സ്വകാര്യതയ്‌ക്കുമേലുള്ള കടന്നുകയറ്റമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ജനങ്ങൾക്കു ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻ സ്വകാര്യതയ്‌ക്കുമേൽ ന്യായമായ നിയന്ത്രണങ്ങളാവാമെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.

കേന്ദ്രത്തെ എതിർത്ത് ബിജെപി ഇതര സംസ്ഥാനങ്ങൾ

സുപ്രീംകോടതിയിലെ വാദത്തെ അനുകൂലിച്ചും എതിർത്തും കക്ഷിചേർന്നവരിലുമുണ്ടായിരുന്നു കൃത്യമായ പക്ഷപാതം. സ്വകാര്യതയെക്കുറിച്ചുള്ള കേന്ദ്ര നിലപാടിനൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിന്നപ്പോൾ അതു മൗലികാവകാശമാണെന്നായിരുന്നു കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളുടെ നിലപാട്. കേന്ദ്രവും ബിജെപി ഭരണത്തിലുള്ള സംസ്‌ഥാനങ്ങളും സ്വകാര്യത മൗലികാവകാശമല്ലെന്നതിനു കാരണങ്ങൾ നിരത്തിയപ്പോൾ, കേരളവും പഞ്ചാബും ബംഗാളും കർണാടകയും മറ്റും സ്വകാര്യത മൗലികാവകാശമായി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.

കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.പി.സുരേന്ദ്രനാഥും സ്‌റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ശങ്കറും ഉന്നയിച്ച പ്രധാന വാദങ്ങൾ ഇവയാണ്:

∙ വ്യക്‌തിസ്വാതന്ത്ര്യം ഉറപ്പു നൽകുന്നതാണു ഭരണഘടനയുടെ 21ാം വകുപ്പ്. വ്യക്‌തിയുടെ മേലുള്ള കടന്നുകയറ്റങ്ങളിൽനിന്നുള്ള സംരക്ഷണം ആ വ്യക്‌തിയുടെ അവകാശമാണ്. കടന്നുകയറ്റങ്ങൾ പരോക്ഷമോ പ്രത്യക്ഷമോ ആകാം, കരുതിക്കൂട്ടിയും അല്ലാതെയുമാകാം.

∙ സർക്കാരും അല്ലാത്തവരും സ്വകാര്യതയിൽ കടന്നുകയറുമ്പോൾ വ്യക്‌തിക്കു സമാധാനപരായ ജീവിതത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനമാകുന്നു. ശേഖരിക്കപ്പെടുന്ന, ബയോമെട്രിക്കും അല്ലാത്തതുമായ വ്യക്‌തിപരമായ വിവരങ്ങളുടെ കാര്യത്തിൽ അതാണു സംഭവിക്കുന്നത്. സർക്കാരുമായും സ്വകാര്യ ഏജൻസികളുമായും വിവരങ്ങൾ പങ്കുവയ്‌ക്കുന്ന പൗരൻമാരൊക്കെയും എപ്പോഴും ഡെമോക്ലസിന്റെ വാളിനു കീഴിലാണു ജീവിക്കുന്നത്.

∙ സ്വകാര്യതയുടെ നാനാഘടകങ്ങൾ വേർതിരിക്കുക എളുപ്പമല്ലെന്നതു സ്വകാര്യതയ്‌ക്കുള്ള മൗലികാവകാശത്തെ നിഷേധിക്കാനുള്ള കാരണമാക്കാനാവില്ല. മറ്റു മൗലികാവകാശങ്ങൾ പോലെ സ്വകാര്യതയും സമ്പൂർണമായ അവകാശമല്ല. അപ്പോഴും സ്വകാര്യത മൗലികാവകാശമല്ലാതാകുന്നില്ല.

related stories