Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് ഫലം കണ്ടുതുടങ്ങി: ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുത്തനെ കുറഞ്ഞു

Immigrants

ലണ്ടൻ∙ ബ്രെക്സിറ്റ് ചർച്ചകൾ ആരംഭിച്ചപ്പോൾതന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിൽ വൻ ഇടിവ്. ചർച്ചകൾ പുരോഗമിക്കവേ പുറത്തുവന്ന റിപ്പോർട്ടുകൾ കുടിയേറ്റത്തെ എക്കാലവും എതിർക്കുന്ന കൺസർവേറ്റീവിനും അവരുടെ സർക്കാരിനും ആശ്വസം നൽകുന്നതാണ്. ബ്രിട്ടനിലേക്കുള്ള നെറ്റ് മൈഗ്രേഷൻ കഴിഞ്ഞ മൂന്നുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനു കാരണം ബ്രെക്സിറ്റാണെന്നും വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ യൂണിയനിൽനിന്നും ജോലി തേടിയെത്തിയവരുടെ മടങ്ങിപ്പോക്കാണു കുടിയേറ്റത്തിന്റെ കണക്കുകളിൽ കുത്തനെ ഇടിവുണ്ടാക്കിയത്.

ഓരോ വർഷവും രാജ്യത്തേക്കു വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും മടങ്ങിപ്പോകുന്നവരും തമ്മിലുള്ള അന്തരമാണ് നെറ്റ് മൈഗ്രേഷനായി കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 2,46,000 ആയിരുന്നു മൈഗ്രേഷൻ. എന്നാൽ മാർച്ചായതോടെ 81,000 പേരുടെ കുറവുണ്ടായതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ അമ്പതിനായിരത്തിലേറെപ്പേർ യൂറോപ്യൻ പൗരന്മാരാണ്.

പുതിയ കണക്കുകൾ സ്വാഗതാർഹമാണെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർ ബ്രാൻഡൻ ലൂയിസ് പറഞ്ഞു. കുടിയേറ്റക്കാരുടെ എണ്ണം വർഷം ഒരു ലക്ഷത്തിലും താഴെയാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണത്തിലെ കുറവ് ആശങ്കാജനകമാണെന്നാണ് ബിസിനസ് ഗ്രൂപ്പുകളുടെ നിലപാട്. വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യതക്കുറവ് കെട്ടിടനിർമാണം ഉൾപ്പെടെ നിരവധി മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ചെക്ക് റിപ്പബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണു മടങ്ങിപ്പോയവരിൽ ഏറെയും. നിലവിലെ ഒഴുക്കു തുടർന്നാൽ മറ്റ് കനത്ത നടപടികൾ ഒന്നും ഇല്ലാതെതന്നെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം ഒരുലക്ഷത്തിൽ താഴെയാകുമെന്നുറപ്പാണ്. നിലവിൽ മുപ്പതു ലക്ഷത്തോളം യൂറോപ്യൻ പൗരന്മാരാണ് ബ്രിട്ടനിൽ സ്ഥിര താമസത്തിനുള്ളത്. ഇവരിൽ ചെറിയൊരു ശതമാനം മടങ്ങാൻ തീരുമാനിച്ചാൽ ബ്രിട്ടനിൽ തൊഴിലാളികളുടെ ക്ഷാമവും അതിരൂക്ഷമാകും.

ഇതിനിടെ യൂറോപ്യൻ യൂണിയനു പുറത്തുനിന്നും ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾ പിന്നീട് കുടിയേറ്റക്കാരായി മാറുന്നതിലും ഗണ്യമായ കുറവുണ്ടായതായി നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 69 ശതമാനം കുട്ടികളും പഠനത്തിനുശേഷം മടങ്ങിപ്പോകുന്നവരാണ്. 26 ശതമാനത്തിന് ഉപരിപഠനത്തിന് അവസരം ലഭിക്കുകയോ ബ്രിട്ടിഷ് സ്ഥാപനങ്ങൾ വർക്ക്പെർമിറ്റ് നൽകുകയോ ചെയ്യുന്നു. ബാക്കിയുള്ള കേവലം അഞ്ചുശതമാനം മാത്രമാണ് അനധികൃതമായി ഇവിടെ തങ്ങാൻ ശ്രമമെങ്കിലും നടത്തുന്നത്. ഇത് ഒട്ടുംതന്നെ ആശങ്കാജനകമായ കണക്കല്ലെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.

യൂറോപ്യൻ യൂണിയനു പുറത്തുനിന്നും സ്റ്റുഡന്റ് വീസയിൽ എത്തുന്നവരിൽ 97.4 ശതമാനം പേരും വർക്ക് പെർമിറ്റിൽ എത്തുന്നവരിൽ 95.4 ശതമാനം പേരും വിസിറ്റിങ് വീസയിൽ എത്തുന്നവരിൽ 96.7 ശതമാനം പേരും കൃത്യമായി മടങ്ങിപ്പോകുന്നവരോ വീസ പുതുക്കി നിയമാനുസരണം താമസിക്കുന്നവരോ ആണെന്നാണു കണക്കുകൾ.