Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാലുവാരികൾ’ കരുത്തുറ്റ മഹാസഖ്യം രൂപം കൊള്ളുന്നതു കാണും: ശരദ് യാദവ്

Sharad-Yadav-Lalu ആർജെഡി പട്നയിൽ സംഘടിപ്പിച്ച മഹാറാലിക്കെത്തിയ ജെഡിയു വിമത നേതാവ് ശരദ് യാദവ്, ലാലു പ്രസാദ് യാദവിനൊപ്പം.

പട്‌ന∙ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ദേശീയ തലത്തിൽ കൂടുതൽ ശക്തമായ മഹാസഖ്യത്തിന് രൂപം നൽകുമെന്ന് ജെഡിയു വിമത നേതാവ് ശരദ് യാദവ്. ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’വെന്ന മുദ്രാവാക്യവുമായി രാഷ്‌ട്രീയ ജനതാദൾ പട്‌നയിലെ ഗാന്ധി മൈതാനത്തു നടത്തിയ മഹാറാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും യുപി മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ലാലു പ്രസാദ് യാദവ്, കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവരെ സാക്ഷി നിർത്തിയായിരുന്നു ശരദ് യാദവിന്റെ പ്രഖ്യാപനം.

അനാരോഗ്യം മൂലം റാലിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശബ്ദ സന്ദേശം റാലിയിൽ കേൾപ്പിച്ചു. ഔദ്യോഗിക സന്ദർശനത്തിനായി നോർവെയിലുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദേശവും സമ്മേളനത്തിൽ വായിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ നയവൈകല്യങ്ങൾക്കെതിരെ ആഞ്ഞടിച്ച ഇരുവരും, ദേശീയ തലത്തിൽ ബദൽ മുന്നേറ്റത്തിന്റെ തുടക്കമാണിതെന്നും വ്യക്തമാക്കി. ബിഹാറിലെ മഹാസഖ്യം പിളർത്തിയ നിതീഷ് കുമാറിനെ ഉന്നമിട്ട് സംസാരിച്ച ലാലു പ്രസാദ് യാദവ്, തന്റെ മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ വളർച്ചയിൽ വിറളിപൂണ്ടാണ് നിതീഷ് കുമാർ ബിജെപി പാളയത്തിലേക്ക് മടങ്ങിയതെന്ന് ചൂണ്ടിക്കാട്ടി. ബിജെപിയുടെ മുന്നേറ്റത്തെ ഭയന്നാണ് നിതീഷ് കൂറുമാറിയതെന്നായിരുന്നു മമതാ ബാനർജിയുടെ വാക്കുകൾ.

അതേസമയം, കൂടുതൽ കരുത്തുറ്റതായിരുന്നു ശരദ് യാദവിന്റെ പ്രസംഗം. ബിഹാറിലെ മഹാസഖ്യം പിളർത്തിയവർ ദേശീയ തലത്തിൽ കൂടുതൽ കരുത്തുറ്റ മഹാസഖ്യം രൂപം കൊള്ളുന്നത് ഉടൻ കാണുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരു പരാമർശിക്കാതെ ശരദ് യാദവ് വ്യക്തമാക്കി. ജെഡിയു, ആർജെഡി, കോൺഗ്രസ് എന്നീ പാർട്ടികൾ ഉൾപ്പെട്ട മഹാസഖ്യം പിളർത്തി ബിജെപി പാളയത്തിലേക്കു ചേക്കേറിയവർ (നിതീഷ് കുമാറും സംഘവും) ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും ശരദ് യാദവ് ചൂണ്ടിക്കാട്ടി. ഇതിനു പകരം വീട്ടുന്നതിന് ദേശീയ തലത്തിൽ മറ്റൊരു മഹാസഖ്യത്തിന് രൂപം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ മഹാസഖ്യ രൂപീകരണം യാഥാർഥ്യമാക്കാൻ രാജ്യത്തിന്റെ മുക്കിലും മൂലയിലും താൻ സന്ദർശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ പ്രകടമായ മാറ്റം വരുത്തുന്ന ഒന്നായിരിക്കും ഈ സഖ്യമെന്നും അദ്ദേഹം ഉറപ്പു നൽകി.

Mamata-Lalu-Akhilesh ആർജെഡി പട്നയിൽ സംഘടിപ്പിച്ച മഹാറാലിക്കെത്തിയ മമതാ ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയവർ ലാലു പ്രസാദ് യാദവിനൊപ്പം.

രാഷ്ട്രീയവും മതവും തമ്മിൽ ഇടകലരുന്നതിലെ അപകടത്തേക്കുറിച്ചും അദ്ദേഹം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. അങ്ങനെ സംഭവിച്ചാൽ ഇറാഖ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ ഗതിയാകും ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ശക്തികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ മരണം വരെ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 43 വർഷമായി പാർലമെന്റ് അംഗമാണ് താൻ. ഇത്തരം വിഭജിത ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ഞാൻ മുന്നിട്ടിറങ്ങും – അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് സി.പി.ജോഷി, എൻസിപി നേതാവ് താരിഖ് അൻവർ, ആർഎൽഡി നേതാവ് ചൗധരി ജയന്ത് സിങ്, സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ, ജെവിഎം നേതാവ് ബാബുലാൽ മറാൻഡി, എഐയുഡിഎഫ് നേതാവ് ബദ്റുദ്ദീന്‍ അസ്മൽ തുടങ്ങിയവരും നാഷണൽ കോൺഫറൻസ്, ഡിഎംകെ, ജെഡിഎസ്, ആർഎസ്പി നേതാക്കളും റാലിക്കെത്തി.

related stories