Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദും ഭാര്യയും അറസ്റ്റിൽ

Manganam Murder പ്രതി കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും

കോട്ടയം∙ പുതുപ്പള്ളി മന്ദിരം കലുങ്കിനു സമീപത്തെ പറമ്പിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപ്പാപ്പാനും ചില കേസുകളിൽ പ്രതിയുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തല മക്രോണി പാലത്തിനു സമീപത്തുള്ള തോട്ടിൽനിന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട എ.ആർ.വിനോദ് കുമാർ എന്ന കമ്മൽ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് അറസ്റ്റു ചെയ്തു.

മൂന്നു ദിവസമായി ദുർഗന്ധമുയർന്നതിനെ തുടർന്നു നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അരയ്ക്കു മുകളിലേക്കുള്ള ഭാഗം ഒരു ചാക്കിലും ബാക്കിയുള്ളവ മറ്റൊരു ചാക്കിലുമായാണു കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ വഴിയോടു ചേർന്നുള്ള ചെറിയ പൊന്തക്കാട്ടിലായിരുന്നു ചാക്കുകെട്ടുകൾ കിടന്നത്. മൃതദേഹം പുഴുവരിക്കുന്ന നിലയിലായിരുന്നു. നീല ഷർട്ടും കാവി മുണ്ടുമാണു വേഷം. മുണ്ട് ചാക്കിൽ തിരുകിക്കയറ്റിയ നിലയിലായിരുന്നു. ചാക്കിൽ നിന്ന് നീല നിറത്തിലുള്ള റബർ ചെരിപ്പും 10 രൂപയുടെ നോട്ടും കണ്ടെടുത്തിട്ടുണ്ട്.

Manganam Murder മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ തല കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുന്നു. ചിത്രം: റിജോ ജോസഫ്

കൊലയ്ക്കു കാരണം കടുത്ത വൈരാഗ്യം

വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയോട് അടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധമാണ് കൊലയ്ക്കു കാരണമായതെന്നാണ് നിഗമനം. സന്തോഷും വിനോദും ഉൾപ്പെട്ട കേസിന്റെ വിചാരണയ്ക്ക് ജയിലിൽ നിന്ന് കോടതിയിൽ കൊണ്ടുവന്നപ്പോൾ വിനോദ് കോടതി വരാന്തയിൽ കണ്ട സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും പൊലീസിനും വിവരം ലഭിച്ചിരുന്നു.

വിനോദിന്റെ ഭാര്യയെയും വിനോദിനെയും വെവ്വേറേ ഇരുത്തി ചോദ്യം ചെയ്തതിൽ ഭാര്യയിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് കൊല്ലപ്പെട്ടത് സന്തോഷാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെയെത്തിച്ചത്. മൃതദേഹത്തിന്റെ ശിരസ്സും കണ്ടെടുത്തതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. കാണാനില്ലാത്തവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് പയ്യപ്പാടിയിൽനിന്ന് 24 മുതൽ സന്തോഷിനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസ് സംഘം സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

Manganam Murder മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ തല കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുന്നു. ചിത്രം: റിജോ ജോസഫ്

സന്തോഷിന്റെ ഫോണിലേക്ക് 24ന് വിളിച്ചത് കമ്മൽ വിനോദിന്റെ ഭാര്യ കുഞ്ഞുമോളാണെന്ന് സന്തോഷിന്റെ അച്ഛൻ പൊലീസിനോടു പറഞ്ഞു. ഉറങ്ങുകയായിരുന്ന സന്തോഷിന്റെ ഫോൺ ആ സമയത്ത് അച്ഛനാണ് എടുത്തത്. അങ്ങനെയാണ് വിളിച്ചയാളെ മനസിലായത്.

ആശങ്കയും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങൾ

പ്രതി കമ്മൽ വിനോദിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ. മൃതദേഹത്തിന്റെ തല പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ. ചിത്രം: ജിബിൻ ചെമ്പോല

മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ എതിർവശത്തു താമസിക്കുന്ന പാലയ്ക്കൽ പി.ടി. ബൈജു ഞായറാഴ്ച രാവിലെ ഇതേപറമ്പിൽ കുഴിയുണ്ടാക്കി മാലിന്യം കുഴിച്ചിടാനെത്തിയപ്പോഴാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ ബൈജുവും സഹോദരൻ ബിജുവും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജനത്തെ ഞെട്ടിച്ച് ചാക്കുകെട്ടിലെ മൃതദേഹത്തിന്റെ വിശേഷങ്ങൾ അതിവേഗം നാട്ടിൽ പ്രചരിച്ചു. നിമിഷ നേരത്തിനുള്ളിൽ പറമ്പിലും റോഡിനിരുവശത്തും അയൽവക്കത്തെ വീടുകളിലും ആളുകൾ തിങ്ങി നിറഞ്ഞു. മൃതദേഹം പൊതി‍ഞ്ഞു വച്ചിരിക്കുന്ന ചാക്കുകൾ കാണാനും മറ്റുമായി ആളുകൾ തിക്കിത്തിരക്കിയതോടെ പൊലീസ് പലതവണ ഇടപടേണ്ടി വന്നു.

പൊലീസ് നായ അപ്പുവെത്തി സംഭവ സ്ഥലത്തും പരിസരങ്ങളിലും മണം പിടിച്ചു. ഫൊറൻസിക് സംഘം എത്തിയ ശേഷമാണു ചാക്കുകളിലുള്ള മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇതിനു മുൻപു കാലുകൾ മാത്രമായിരുന്നു പുറത്തു കണ്ടിരുന്നത്. ഇതോടെ പുരുഷനാണോ സ്ത്രീയാണോ എന്ന സംശയം ഉയർന്നു. ഇതിനു സമീപത്തു കിടന്നിരുന്ന മറ്റൊരു ചാക്കിനുള്ളിൽ എന്താണുള്ളതെന്ന ആകാംക്ഷയും.

പ്ലാസ്റ്റിക് ചാക്കുകൾ കീറി മൃതദേഹ അവശിഷ്ടങ്ങൾ പുറത്തിട്ടതോടെയാണു മൃതദേഹം രണ്ടായി വെട്ടിമുറിച്ചിട്ടിരിക്കുകയാണെന്നും തലയില്ലെന്നും ബോധ്യപ്പെട്ടത്. മരിച്ചതു പുരുഷനാണെന്നും ഇതോടെ തിരിച്ചറഞ്ഞു. മൂന്നു മണിയോടെ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റി.

വിനോദ് സ്വന്തം പിതാവിനെ കൊന്ന കേസിൽ പ്രതി

സ്വന്തം പിതാവിനെ തന്നെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായി ഇൗയിടെ ജാമ്യത്തിൽ ഇറങ്ങിയ വ്യക്തിയാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ എ.ആർ.വിനോദ് കുമാർ എന്ന കമ്മൽ വിനോദ്. ഇയാളുടെ ഭാര്യ കുഞ്ഞുമോള്‍ക്കും കൊലയിൽ പങ്കുണ്ടെന്നാണ് വിവരം.

Manganam Murder മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ തല കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുന്നു. ചിത്രം: റിജോ ജോസഫ്

കോട്ടയം മുട്ടമ്പലത്ത് നഗരസഭാ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ വിനോദ് സ്വന്തം പിതാവിനെ തൊഴിച്ചു കൊലപ്പെടുത്തിയതായാണ് കേസ്. ഫെബ്രുവരി അഞ്ചിനായിരുന്നു ഇൗ കൊലപാതകം. അന്ന് സ്വാഭാവിക മരണമായി പൊലീസ് കേസെടുത്തെങ്കിലും തുടർന്നു നടന്ന അന്വേഷണത്തിൽ വിനോദ് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അച്ഛന്റെ വാരിയെല്ലുവരെ തകർത്തായിരുന്നു കൊല. വിനോദിന്റെ അമ്മ നഗരസഭയിൽ പാർട് ടെം ജീവനക്കാരിയായതിനാലാണ് ക്വാർട്ടേഴ്സിൽ താമസിച്ചത്. ഇപ്പോൾ മീനടത്താണ് താമസം.

ജാമ്യത്തിലിറങ്ങിയ മേയ് 22 മുതൽ സന്തോഷ് ഇൗസ്റ്റ് സർക്കിൾ ഇൻസ്പെക്ടറുടെ മുൻപിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്തുവരെ മുടങ്ങാതെ ഒപ്പിടുകയും ചെയ്തു. വിനോദിന്റെയും സന്തോഷിന്റെയും ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോഴും സംശയം ബലപ്പെടുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഡിവൈഎസ്പി സഖറിയാ മാത്യു, സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് സംഭവം പുറത്തായത്.

കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ

∙ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം മുറിച്ചു വേർപെടുത്തി.

∙ രക്തം നഷ്ടപ്പെട്ടതിനു ശേഷമാണ് മൃതദേഹം മുറിച്ചത്.

∙ ശരീരഭാഗങ്ങൾ ചിതറിയിട്ടില്ല.

∙ ജീവനോടെയാണു മുറിച്ചിരുന്നതെങ്കിൽ ശരീര ഭാഗങ്ങളും മാംസവും ചിതറും.

∙ തലയും അരഭാഗവും മുറിച്ചു മാറ്റിയത് കൃത്യതയോടെ.

∙ വസ്ത്രങ്ങളിൽ രക്തക്കറ വ്യക്തമായിട്ടില്ല.

∙ കൊലപാതക ശേഷം വസ്ത്രം ധരിപ്പിച്ചതാണോയെന്നും സംശയം.

∙ മൃതദേഹത്തിന്റ വൃക്ഷണം തകർത്ത നിലയിൽ.

related stories