Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചാക്കിടൽ തന്ത്രം’ തിരിച്ചടിച്ചു; ഡൽഹിയില്‍ ബിജെപിയെ വീഴ്ത്തി എഎപി

Arvind Kejriwal

ന്യൂഡൽഹി ∙ രാജ്യവ്യാപകമായി വിജയകരമായി പരീക്ഷിച്ചുവന്ന ‘ചാക്കിടൽ തന്ത്രം’ ഒടുവിൽ ബിജെപിയെ തിരിച്ചടിച്ചു. ആംആദ്മി പാർട്ടി എംഎൽഎ കൂടുമാറി ബിജെപി പാളയത്തിലെത്തിയതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന ന്യൂഡൽഹിയിലെ ബവാന മണ്ഡലം വൻ വിജയത്തോടെ നിലനിർത്തിയാണ് എഎപി കരുത്തു തെളിയിച്ചത്. ശക്തമായ ത്രികോണ മൽസരം നടന്ന മണ്ഡലത്തിൽ കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ പിന്തള്ളിയ എഎപി സ്ഥാനാർഥി റാം ചന്ദർ നേടിയത് 24,052 വോട്ടിന്റെ ഭൂരിപക്ഷം. റാം ചന്ദർ 59,886 വോട്ടുകൾ നേടിയപ്പോൾ, ബിജെപി സ്ഥാനാർഥിക്ക് 35,834 വോട്ടുകളെ ലഭിച്ചുള്ളൂ. മൂന്നാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥി സുരേന്ദർ കുമാർ 31,919 വോട്ടുനേടി.

ആംആദ്മി എംഎൽഎയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നതോടെയാണു ബവാനയിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. വേദ് പ്രകാശിനെ‌ത്തന്നെ സ്ഥാനാർഥിയാക്കിയ ബിജെപിക്കു ലഭിച്ച രാഷ്ട്രീയ തിരിച്ചടി കൂടിയാണ് ബവാനയിലെ തോൽവി. ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിലും രജൗരി ഗാർഡൻ ഉപതിരഞ്ഞെടുപ്പിലും തോൽവി പിണഞ്ഞതോടെ പ്രതിരോധത്തിലായ എഎപിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് ബവാനയിലെ വിജയം. 70 അംഗ സഭയിൽ നിലവിൽ 65 അംഗങ്ങളാണ് ആംആദ്മി പാർട്ടിക്കുള്ളത്

മനോഹർ പരീക്കർ – പനജി (ഗോവ)

പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന നിയമസഭയിലേക്കു മൽസരിച്ച മനോഹർ പരീക്കർക്കു വിജയം. ഗോവയിലെ പനജിയിൽനിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കർ ജയിച്ചത്. മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്നതിനായി പരീക്കറിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുക്കി പനജി നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ സിദ്ധാർഥ് കുൻകാലിങ്കർ രാജിവച്ചിരുന്നു.

പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ മനോഹർ പരീക്കർക്കും ബിജെപിക്കും ഈ തിരഞ്ഞെടുപ്പ് വളരെ നിർണായകമായിരുന്നു. നിയമസഭയിലേക്കു ജയിച്ചതിനാൽ അടുത്തയാഴ്ച പരീക്കർ രാജ്യസഭാംഗത്വം രാജിവയ്ക്കും.

വിശ്വജിത്ത് റാണെ – വാൽപോയ് (ഗോവ)

ഡൽഹിയിൽ തിരിച്ചടിച്ച ‘ചാക്കിടൽ തന്ത്രം’ പക്ഷേ ഗോവയിൽ ബിജെപിയെ തുണയ്ക്കുന്നതിനും ഉപതിരഞ്ഞെടുപ്പ് സാക്ഷിയായി. കോൺഗ്രസ് എംഎൽഎയായിരുന്ന വിശ്വജിത്ത് റാണെ കൂടുമാറി ബിജെപിയിൽ ചേർന്നതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വാൽപോയ് മണ്ഡലത്തിൽ ബിജെപി ജയിച്ചു കയറി.

ബിജെപിക്കായി മൽസരിച്ച വിശ്വജിത്ത് റാണെ, 10,666 വോട്ടുകൾക്ക് കോൺഗ്രസിന്റെ റോയി നായിക്കിനെയാണ് പരാജയപ്പെടുത്തി. നിലവിൽ ഗോവ ആരോഗ്യമന്ത്രിയാണ് റാണെ. കോൺഗ്രസ് വിട്ടെത്തിയ റാണെയെ ആരോഗ്യമന്ത്രി സ്ഥാനം നൽകി ബിജെപി പാർട്ടിയിലെടുക്കുകയായിരുന്നു.

ഭൂമ ബ്രഹ്മാനന്ദ റെഡ്ഢി – നന്ദ്യാൽ (ആന്ധ്രപ്രദേശ്)

സിറ്റിങ് എംഎൽഎ മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിലെ നന്ദ്യാലിൽ ടിഡിപിയുടെ ഭൂമ ബ്രഹ്മാനന്ദ റെഡ്ഢിക്ക് അനായാസ ജയം. 27,466 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് റെഡ്ഢി ജയിച്ചുകയറിയത്. വൈഎസ്ആർ കോൺഗ്രസിലെ ശിൽപ മോഹൻ റെഡ്ഢി രണ്ടാമതെത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.

നിലവിലെ ഭരണത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോടുള്ള താൽപര്യവുമാണ് നന്ദ്യാൽ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അവകാശപ്പെട്ടു.