Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരനെ പണ്ടേ പുറത്താക്കി; ശശികലയെ ഉടൻ; തമിഴ്നാട് രാഷ്ട്രീയം ഇനി ഡൽഹിയിലേക്ക്

PTI8_28_2017_000116B

ചെന്നൈ∙ അണ്ണാ ഡിഎംകെയിൽ ഇരുപക്ഷങ്ങൾ തമ്മിൽ നേതൃതർക്കം മുറുകവേ ‘പരസ്പരം പുറത്താക്കി’ നേതാക്കൾ. ജനറൽ സെക്രട്ടറിയായ ശശികലയെ തത്‌സ്ഥാനത്തുനിന്നു മാറ്റാനുള്ള ജനറൽ കൗൺസിൽ യോഗം പാർട്ടി ആസ്ഥാനത്തു വൈകാതെ വിളിച്ചു ചേർക്കും. ടി.ടി.വി.ദിനകരനെ ഓഗസ്റ്റ് 10നു ചേർന്ന യോഗത്തില്‍ത്തന്നെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചതാണെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പറഞ്ഞു. അതിനിടെ പളനിസാമിയെ പാർട്ടിയുടെ സേലം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതായി ദിനകരൻ അറിയിച്ചിരുന്നു. അണ്ണാഡിഎംകെയുടെ ഘടനയിൽ നിർണായക സ്ഥാനമാണു ജില്ലാസെക്രട്ടറിമാർക്കുള്ളത്. നാമക്കൽ ജില്ലാസെക്രട്ടറിയായ വൈദ്യുതിമന്ത്രി പി.തങ്കമണി, മുൻമന്ത്രി ഗോകുല ഇന്ദിര, ചീഫ് വിപ്പ് എസ്.രാജേന്ദ്രൻ, രാജ്യസഭാംഗം ആർ.വൈദ്യലിംഗം എന്നിവരെയും ദിനകരൻ നേരത്തേ പുറത്താക്കിയിരുന്നു.

ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു തന്നെ പുറത്താക്കിയെന്നത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്ന് ദിനകരൻ പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി ശശികലയ്ക്കാണു യോഗം വിളിച്ചു ചേര്‍ക്കാനുള്ള അധികാരം. അവരുടെ അഭാവത്തിലാണു ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി തന്നെ നിയോഗിച്ചിരിക്കുന്നത്. പുതുച്ചേരിയിലെ റിസോർട്ടിൽ താമസിക്കുന്ന എംഎൽഎമാരെ യോഗത്തിനു വിളിക്കാത്തതിലും പരാതിയുണ്ട്. ‘ക്ഷണിച്ചിരുന്നെങ്കിൽ വരുമായിരുന്നു. ഞങ്ങളെന്താ ഡിഎംകെ അംഗങ്ങളാണോ ഒഴിവാക്കാൻ?’ എന്നായിരുന്നു റിസോർട്ടിൽ നിന്നുള്ള ഒരു എംഎൽഎയുടെ പ്രതികരണം.

പാർട്ടിയിലെ അധികാരതർക്കം രൂക്ഷമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പുകമ്മിഷൻ പ്രതിനിധികളെ കാണാനായി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെല്‍വവും ചൊവ്വാഴ്ച ഡൽഹിക്കു പോകുന്നുണ്ട്. പാർട്ടിയിലെ മാറിയ സാഹചര്യങ്ങൾ കമ്മിഷനെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. ശശികലയുടെ സ്ഥാനവുമായി ബന്ധപ്പെട്ട പരാതിയും കമ്മിഷന്റെ പരിഗണനയിലാണ്. ശശികലയുടെ ജനറൽ സെക്രട്ടറിസ്ഥാനം തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിട്ടില്ല. ദിനകരനെ ശശികല ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയതും പാർട്ടി നയങ്ങൾക്ക് എതിരാണ്. ഈ സാഹചര്യത്തിലാണു ദിനകരനെ പുറത്താക്കുന്നതിന് ഉൾപ്പെടെയുള്ള നാലു പ്രമേയങ്ങൾ ഔദ്യോഗികപക്ഷം പാസാക്കിയത്.

‘രണ്ടില’ ചിഹ്നം തങ്ങൾക്കു തന്നെ അനുവദിക്കണമെന്നും പളനിസാമി പക്ഷം അപേക്ഷ നൽകും. അതേസമയം, നിയമസഭ കൃത്യമായി വിളിച്ചു കൂട്ടുന്നതിൽ ഇപിഎസ്–ഒപിഎസ് പക്ഷം പരാജയപ്പെട്ടാൽ രാഷ്ട്രപതിയെ കാണാൻ ദിനകരൻ പക്ഷം തീരുമാനിച്ചു. സഭയിൽ വിശ്വാസവോട്ടു തേടണമെന്ന ആവശ്യവും ഇവർ നേരത്തേ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുക ഡൽഹിയിലായിരിക്കുമെന്ന് ഏകദേശം ഉറപ്പായി. ജയലളിത നിയമിച്ച പാർട്ടിഭാരവാഹികളെ മാറ്റാൻ ദിനകരന് ആര് അധികാരം നൽകിയെന്നാണ് ഒപിഎസ്–ഇപിഎസ് പക്ഷം ചോദിക്കുന്നത്. ശശികലയെ പുറത്താക്കാൻ തന്നെയാണു തീരുമാനമെന്നും അതിനുള്ള യോഗം ഉടൻ ചേരുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

എന്നാല്‍ ശശികലയെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ ചില അംഗങ്ങൾ ശബ്ദമുയർത്തിയതാണ് തീരുമാനം നീട്ടാൻ കാരണമെന്നും സൂചനയുണ്ട്. പ്രതീക്ഷിച്ചത്ര എംഎൽഎമാരും എംപിമാരും ജനറൽ കൗണ്‍സിലിന് എത്താത്തതിലും ഒപിഎസ്–ഇപിഎസ് ക്യാംപിന് ആശങ്കയുണ്ട്. 20–25 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണു ദിനകരൻ പക്ഷം പറയുന്നത്. പല പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികളിൽ അംഗങ്ങളായതിനാൽ അതിന്റെ തിരക്കുകൊണ്ടാണ് എംപിമാർ വരാതിരുന്നതെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ ഭാഷ്യം. പക്ഷേ യോഗത്തിൽ എത്രപേർ പങ്കെടുത്തെന്ന വിവരം പുറത്തുവിടാനും ഔദ്യോഗികപക്ഷം തയാറായിട്ടില്ല.

ജയ ടിവി, ഡോ.നമദ് എംജിആർ പത്രം എന്നിവയുടെ നടത്തിപ്പ് ഏറ്റെടുക്കാനും യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്. ദിനകരൻ പക്ഷത്തോടൊപ്പമാണു തങ്ങളെന്ന് ഇരുമാധ്യമങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ജലയളിതയുടെയും ഒട്ടേറെ പാർട്ടിപ്രവർത്തകരുടെയും അധ്വാനത്താൽ രൂപീകരിച്ച ഈ മാധ്യമങ്ങളെ വിട്ടുകൊടുക്കാനാകില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം.