Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാംപാലിനെ രണ്ട് കേസുകളിൽ കോടതി കുറ്റവിമുക്തനാക്കി; ആൾദൈവം ജയിലിൽ തുടരും

Rampal Maharaj

ചണ്ഡിഗഢ് ∙ രാജ്യം കാത്തിരുന്നുകേട്ട ഗുർമീത് റാം റഹിമിന്റെ വിധിയുടെ തൊട്ടടുത്ത ദിവസം മറ്റൊരു ആൾദൈവത്തിന്റെ ഭാവി കൂടി കോടതി പ്രഖ്യാപിച്ചു. സ്വയംപ്രഖ്യാപിത ആൾദൈവം റാംപാൽ ദാസ് എന്ന റാംപാൽ മഹാരാജിനെ രണ്ട് കേസുകളിൽ ഹിസാറിലെ കോടതി കുറ്റവിമുക്തനാക്കി. കൊലപാതകം, രാജ്യദ്രോഹം ഉൾപ്പെടെ 30 കേസുകളിലെ പ്രതിയാണ് ഇയാൾ.

2014ലെ സംഘർഷവുമായി ബന്ധപ്പെട് റജിസ്റ്റർ ചെയ്ത കേസുകളിലാണ് റാംപാലിനെ കുറ്റവിമുക്തനാക്കിയത്. മറ്റു കേസുകളിൽ വിചാര തുടരുന്നതിനാൽ റാംപാൽ ജയിലിൽതന്നെ കഴിയണം. റാംപാലും അനുയായികളും ഗ്രാമീണരെ വെടിവച്ചതുമായി ബന്ധപ്പെട്ടതാണ് ഒരു കേസ്. പൊലീസും റാംപാലിന്റെ സേനയും ഏറ്റുമുട്ടിയതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. ഈ കേസുകളിൽ‌നിന്നാണ് ആൾദൈവത്തെ കോടതി കുറ്റവിമുക്തനാക്കിയത്. ഹിസാറിലെ സെൻട്രൽ ജയിലിൽ പ്രത്യേകം തയാറാക്കിയ കോടതിയിലാണു വിചാരണ നടത്തിയത്.

മാനഭംഗക്കേസിൽ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് 20 വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ഹരിയാനയിലെ സിബിഐ സ്പെഷൽ കോടതി ജഡ്ജി ജഗ്ദീപ് സിങ് തിങ്കളാഴ്ചയാണ് വിധി പ്രസ്താവിച്ചത്. സുരക്ഷാ കാരണങ്ങളാൽ സുനാരിയ ജയിലിലെ ലൈബ്രറി കോടതിമുറിയാക്കി മാറ്റിയാണു വിധി പറഞ്ഞത്. എന്നാൽ, 2014 മുതൽ ജയിലിൽ കഴിയുന്ന റാംപാലിനുവേണ്ടി റാം റഹിമിന്റേതുപോലുള്ള കലാപം ഉണ്ടായില്ല. പതിനായിരക്കണക്കിന് അനുയായികളുള്ള റാംപാലിന്റെ വിധിയുടെ പശ്ചാത്തലത്തിൽ ഹരിയാനയിൽ സുരക്ഷ കർശനമാക്കിയിരുന്നു.

ഹിസാറിൽ 1000 ഏക്കർ ആശ്രമസമുച്ചയത്തിൽ രാജവാഴ്ചയായിരുന്ന റാംപാലിന് നിത്യവും പാലിൽ കുളിക്കുന്നത് നിർബന്ധമായിരുന്നു. കൊലപാതകം ഉൾപ്പെടെ 30 കേസുകളിലെ പ്രതിയായി 2014 മുതൽ ഹിസാർ സെൻട്രൽ ജയിലിലാണ്. കബീർ പാന്ഥി തലവൻ സ്വാമി റാംദേവാനന്ദയിൽനിന്ന് ഉപദേശകസ്ഥാനം സ്വീകരിച്ചാണ് 1999ൽ ഹരിയാനയിലെ റോത്തക്കിന് അടുത്തുള്ള കരോന്ത ഗ്രാമത്തിൽ ആദ്യ ആശ്രമം സ്ഥാപിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

Read more at: നിത്യവും പാലിൽ കുളി. എതിർക്കുന്നവരെ കൊന്ന് ചോരയിൽ കുളിപ്പിക്കും

രാഷ്ട്രീയ സമാജ് സേവാ സമിതി (ആർഎസ്എസ്എസ്) എന്നാണു റാംപാൽ സേനയുടെ പേര്. ഇവരുൾപ്പെട്ട 4000 പേരുടെ കമാൻഡോ സംഘമാണ്ആശ്രമസമുച്ചയത്തിനു കാവലൊരുക്കിയത്. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വൻ കവർച്ചകൾ തുടങ്ങിയ കേസുകളിലെ പ്രതികളുടെ ഒളിത്താവളമാണ് ആശ്രമം. 2014 നവംബറിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ആയിരക്കണക്കിന് അനുയായികൾ മനുഷ്യച്ചങ്ങല തീർത്തു കല്ലെറിഞ്ഞാണു റാംപാലിനെ രക്ഷിക്കാൻ ശ്രമിച്ചത്. അർധ സൈനികരുടെ സഹായത്തോടെയാണ് പിന്നീട് പൊലീസ് ആശ്രമത്തിൽ കയറി റാംപാലിനെ അറസ്റ്റ് ചെയ്തത്.

കലാപം ആശ്രമത്തിനു പുറത്തേക്കു പടരുകയും ആറു പേരുടെ മരണത്തിലും നൂറുകണക്കിനു പേരുടെ പരുക്കിലുമാണ് കലാശിച്ചത്. റാംപാലിന്റെ അറസ്റ്റിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ ആശ്രമത്തിനുള്ളിൽനിന്ന് നാലു സ്ത്രീകളുടെ മൃതദേഹം ലഭിച്ചു. ഐപിസി 186, 332, 353, 147, 149, 188, 342 എന്നീ വകുപ്പുകൾ അനുസരിച്ചാണ് റാംപാലിന് എതിരായി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്.