Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ചു വാഹനമോടിച്ച ട്രക്ക് ഡ്രൈവർ റിമാൻഡിൽ; നടുക്കം മാറാതെ മലയാളികൾ

Rishi Rajiv and Cyriac joseph

ലണ്ടൻ∙ രണ്ട് മലയാളികളും ആറു തമിഴ്നാട്ടുകാരുമുൾപ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബ്രിട്ടനിലെ മോട്ടോർവേ ദുരന്തത്തിൽ മദ്യപിച്ചു വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണം പൂർത്തിയാകുംവരെ ഇയാൾ കസ്റ്റഡിയിൽ തുടരും. അപകടത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവർ അടുത്തമാസം 11ന് കോടതിയിൽ ഹാജരാകണം. സാധാരണ വാഹാനാപകടങ്ങളിൽ ഡ്രൈവർക്കു ജാമ്യം നൽകി വിട്ടയച്ചശേഷം സാവധാനം കോടതി നടപടികൾ ആരംഭിക്കുകയാണു ബ്രിട്ടനിൽ പതിവ്. എന്നാൽ ഈ അപകടത്തിന്റെ ഭീകരതയും മോട്ടോർവേയിലൂടെ മദ്യപിച്ചു ട്രക്ക് ഓടിക്കാൻ കാണിച്ച അവിവേകവും കണക്കിലെടുത്തു കോടതി ഇയാളെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവിടുകയായിരുന്നു. അടുത്തമാസം 26 വരെയാണ് കസ്റ്റഡി.

നോട്ടിങ്ങാമിൽ താമസിക്കുന്ന മലയാളിയായ ചേർപ്പുങ്കൽ സ്വദേശി സിറിയക് ജോസഫ് എന്ന ബെന്നി (51) ഓടിച്ചിരുന്ന മിനിവാനും ട്രക്കുകളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വാനിലുണ്ടായിരുന്ന വിപ്രോ കമ്പനിയിലെ യുവ മലയാളി എൻജിനീയർ ഋഷി രാജീവ്കുമാറും ഡ്രൈവർ ബെന്നിയും ഉൾപ്പെടെ എട്ടുപേരാണു മരിച്ചത്.

nottingham-accident1

മദ്യപിച്ചു വാഹനമോടിച്ചു പലർക്കും ജീവഹാനി വരുത്തിയതിനും നിരവധിപേർക്കു പരുക്കേൽപിച്ചതിനും എട്ട് കുറ്റങ്ങളാണ് ട്രക്ക് ഡ്രൈവർക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോളീഷുകാരനായ റൈസാദ് മസീറക് (31) എന്നയാളാണു മദ്യപിച്ചു വാഹനമോടിച്ച് അപകടം വരുത്തിവച്ചത്. മദ്യപിച്ചുണ്ടാക്കിയ അപകടത്തിനെതിരെ വൻ ജനരോഷമാണു സാമൂഹമാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങൾ പ്രകടിപ്പിച്ചത്. നടപടികൾ ശക്തവും വേഗത്തിലുമാക്കാൻ ഇതു പൊലീസിനു സമ്മർദമാകുന്നുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ മോട്ടോർവേയായ എം-1 അപകടത്തെത്തുടർന്നു പത്തുമണിക്കൂറോളം അടച്ചതും സംഭവത്തിന്റെ ഗൗരവം ഇരട്ടിയാക്കി. ലക്ഷക്കണക്കിനാളുകളാണ് ഇതുമൂലം ദുരിതത്തിലായത്.

തേംസ് വാലി പൊലീസിലെ കോൺസ്റ്റബിൾ സൈമൺ നെൽസണാണു കേസിന്റെ അന്വേഷണച്ചുമതല. ഇന്ത്യൻ ഹൈക്കമ്മിഷനിലെ മലയാളികൂടിയായ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ടി. ഹരിദാസ് ഇന്നലെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനുമായി വിവരങ്ങൾ ആരാഞ്ഞു. അന്വേഷണം തുടരുന്നതോടൊപ്പം ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെ സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഫാമിലി ഓഫിസറിന്റെ അനുമതിയോടെ ഇതിന് അവസരം ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.

Nottingham-accident1

അന്വേഷണം പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുകിട്ടിയാലുടൻ നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്നും ഹരിദാസ് മനോരമ ഓൺലൈനോടു പറഞ്ഞു.

അപകടത്തിൽ മരിച്ച ഋഷിയുടെയും ബെന്നിയുടെയും സുഹൃത്തുക്കളും ബന്ധുക്കളും ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടു സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇരുവർക്കുമായി നോട്ടിങ്ങാമിൽ പ്രത്യേക പ്രാർഥനകളും കഴിഞ്ഞദിവസം നടന്നു.

16 വർഷമായി ബ്രിട്ടണിൽ താമസമാക്കിയിട്ടും ഇതുവരെ ബെന്നി ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചിരുന്നില്ല. ഇന്ത്യക്കാരനായേ ജീവിക്കൂ എന്ന ദൃഢനിശ്ചയമായിരുന്നു ഇതിനുപിന്നിൽ. ‘ഇന്ത്യക്കാരനായേ മരിക്കൂ’ എന്ന് തമാശരൂപേണ അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നതായി കൂട്ടുകാർ അനുസ്മരിച്ചു. ‘തമാശ അറംപറ്റിയപോലെ’ എന്നായിരുന്നു ഇതു പങ്കുവച്ച സുഹൃത്തിന്റെ സങ്കടംപറച്ചിൽ. എന്നു മരിച്ചാലും സ്വന്തം ഇടവകയായ ചേർപ്പുങ്കൽ പള്ളിയിൽ അടക്കണം എന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു.

Nottingham-accident

അന്വേഷണം പൂർത്തിയാകാതെ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിടില്ലെങ്കിലും സംഭവസ്ഥലത്തെത്തിയ മലയാളികൾ നൽകുന്ന സൂചനയനുസരിച്ചു ബെന്നിയുടെ മിനിബസ് രണ്ടു ട്രക്കുകൾക്കിടയിൽപ്പെട്ടു ചതഞ്ഞരയുകയായിരുന്നു.

മുന്നിൽപ്പോയ ട്രക്ക് പൊടുന്നനെ വേഗം കുറച്ചതോടെ മിനിബസും ബ്രേയ്ക്കിട്ടെങ്കിലും തൊട്ടുപിന്നാലെ മദ്യലഹരിയിൽ പാഞ്ഞെത്തിയ ട്രക്കിന്റെ ഡ്രൈവർ വാഹനം നിയന്ത്രക്കാൻ പരാജയപ്പെട്ടതോടെ രണ്ടു ട്രക്കുകൾക്കുമിടയിൽ വാൻ അകപ്പെട്ടുപോകുകയായിരുന്നു എന്നാണ് സൂചന. ഇതാണ് അപകടം വൻ ദുരന്തമായി മാറാൻ കാരണമായതും. ചോരയിൽ കുളിച്ച ശരീരങ്ങളും നിലവിളിയുമാണ് ആദ്യമെത്തിയയാൾ കണ്ടത്. സുരക്ഷാ ഏജൻസികളും പൊലീസും എത്തുന്നതിനുമുമ്പ് അതുവഴി കടന്നുപോയ യാത്രക്കാരിൽ ഒരാളാണു സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയത്. ദുരന്തമുഖത്തുനിന്ന് അഞ്ചുവയസുള്ള പെൺകുഞ്ഞിനെ പുറത്തെടുത്ത് തന്റെ ജായ്ക്കറ്റ് ഊരി നൽകി സംരക്ഷിച്ച സംഭവം അദ്ദേഹം കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.  

related stories