ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ വർഷം നവംബറിൽ നടപ്പാക്കിയ നോട്ടുനിരോധനം കള്ളപ്പണവേട്ടയെ മാത്രം ഉദ്ദേശിച്ചായിരുന്നില്ലെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് വിശദീകരണം. അതേസമയം, നോട്ടുനിരോധനം വൻ നാണക്കേടായിപ്പോയെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരംം. കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമായിരുന്നോ നോട്ട് അസാധുവാക്കൽ നടപടി? നോട്ടുകൾ മാറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിനിടെ 104 പേർ മരിക്കാനിടയാക്കിയതിന് പ്രധാനമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്യാത്തവർ വെറുതെ തെറ്റിദ്ധാരണ പരത്തേണ്ടെന്ന് ജയ്റ്റ്‌ലി തിരിച്ചടിച്ചു. തിരഞ്ഞെടുപ്പുകളിൽ കള്ളപ്പണം ഉപയോഗപ്പെടുത്തുന്നത് തടയുകയാണ് തന്റെ അടുത്ത ലക്ഷ്യം. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം നോട്ടുപയോഗം കുറയ്ക്കാൻ അസാധുവാക്കൽ നടപടി സഹായകമായി. നികുതിദായകരുടെ എണ്ണവും കൂടി. പ്രധാനമായും കറൻസി അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് നോട്ടുനിരോധനത്തിലൂടെ ശ്രമിച്ചതെന്നും ജയ്റ്റ്ലി പറഞ്ഞു.
പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.44 ലക്ഷം കോടി നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബർ എട്ടിന് അസാധുവാക്കിയത്. ഇതിൽ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തി. നവംബർ മുതൽ നോട്ടുകൾ തിരിച്ചേൽപ്പിക്കാനുള്ള അവസാന തീയതിയായ ജൂൺ 30 വരെയാണ് ഇവ തിരിച്ചെത്തിയത്. 2016 ഡിസംബർ 30നകം അസാധു നോട്ടുകൾ മാറ്റി പുതിയത് വാങ്ങണമെന്നായിരുന്നു സാധാരണക്കാർക്കുള്ള നിർദേശം. എന്നാൽ പ്രവാസികൾക്ക് ഉൾപ്പെടെ ഈ തീയതി ജൂൺ 30 വരെ നീട്ടിനൽകുകയായിരുന്നു.
അതേസമയം അസാധുവാക്കപ്പെട്ട ആയിരത്തിന്റെ 8.9 കോടി നോട്ടുകൾ ഇനിയും തിരിച്ചെത്തിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ കണക്കു പ്രകാരം അഞ്ഞൂറിന്റെ 1716.5 കോടി നോട്ടുകളും ആയിരത്തിന്റെ 685.8 കോടി നോട്ടുകളുമാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇവയുടെ മൊത്തം മൂല്യം 15.44 ലക്ഷം കോടി രൂപ വരും.
2017 മാർച്ച് അവസാനത്തെ കണക്കു പ്രകാരം മൊത്തത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൂല്യത്തിൽ 50.2 ശതമാനവും പുതുതായി ഇറക്കിയ 2000 രൂപയായിരുന്നു. പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യത്തിൽ മുൻ വർഷത്തേക്കാളും 20.2 ശതമാനത്തിന്റെ കുറവുണ്ടായി 13.1 ലക്ഷം കോടി രൂപയിലെത്തി. 2017 മാർച്ച് അവസാനം വരെയുള്ള കണക്കു പ്രകാരമാണിത്.
2016 ലെ സാമ്പത്തിക വർഷം 6.32 ലക്ഷം കള്ളനോട്ടുകൾ പിടിച്ചെടുത്തെങ്കിൽ 2017ൽ അത് 7.62 ലക്ഷം ആയി. 2016ൽ നോട്ടുകൾ അച്ചടിക്കാൻ 3421 കോടി രൂപയായിരുന്നു ചെലവ്. 2017ൽ അത് 7965 കോടിയായി.
നോട്ട് അസാധുവാക്കൽ പ്രക്രിയയുടെ വിശദാംശങ്ങൾ പുറത്തു വിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾക്ക് ഗുണകരമാവില്ലെന്ന് ഇക്കഴിഞ്ഞ മേയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധന തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്സ് വേണമെന്നാവശ്യപ്പെട്ടായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ. നിരോധന തീരുമാനത്തിന് ഉപോദ്ബലകമായി നടന്ന പഠനങ്ങൾ സംബന്ധിച്ച വിവരങ്ങളും തേടി. ഭാവിയിലെ സാമ്പത്തിക നയ തീരുമാനങ്ങളെ ബാധിക്കുമെന്നതിനാൽ നോട്ട് നിരോധന രഹസ്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് റിസർവ് ബാങ്ക് മറുപടി നൽകുകയായിരുന്നു.