Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജരേഖ കേസ്: സെന്‍കുമാറിനെ അടുത്ത മാസം 14 വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി

TP-Senkumar

കൊച്ചി∙ എട്ടുമാസം അവധിയെടുത്ത കാലത്തെ മുഴുവൻ വേതനവും ലഭ്യമാക്കാനായി വ്യാജരേഖ ചമച്ചെന്ന മുൻ ഡിജിപി ടി.പി.സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്തമാസം 14 വരെ സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനു നിർദേശം നൽകി. നേരത്തെ പരാതിയിൽ സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നിർദേശപ്രകാരമായിരുന്നു കേസ്. 

തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ എ.ജെ.സുക്കോർണോയാണ് സെൻകുമാറിനെതിരെ പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടർന്നു 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു. ഇക്കാലയളിൽ അർധവേതന അവധിയെടുക്കുന്നതിന് ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയതു സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അർധവേതന അവധി പരിവർത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സർക്കാരിനു കത്തു നൽകി. 

ഗവ.ആയുർവേദ കോളജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് പരാതി നിലനിൽക്കുന്നതാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് അറിഞ്ഞുകൊണ്ടു വ്യാജരേഖയുണ്ടാക്കിയതിനും സർക്കാരിനെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നതിനും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 465, 658, 471, 177 വകുപ്പുകൾ ചുമത്തി സെന്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു.