Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്വപ്നങ്ങളില്ലാ സ്വാശ്രയം’: ആശങ്ക ഒഴിയാതിരിക്കെ ഇന്ന് സ്പോട്ട് അഡ്മിഷന്‍

Students

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരായ പ്രതിഷേധത്തിനും പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കുമിടെ 23 കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന്. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയും ഉൾപ്പടെ 11 ലക്ഷമാണ് വിദ്യാർഥികൾക്ക് പ്രവേശനത്തിനു വേണ്ടത്. ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട കാര്യത്തിലെ കടുത്ത ആശങ്കകൾക്കിടെയാണ് പ്രവേശന നടപടികൾ.

അതേസമയം, ബാങ്ക് ഗ്യാരന്റി സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ സർക്കാർ ഇന്ന് ബാങ്കുകളുമായി ചർച്ച നടത്തും. ബാങ്ക് ഗ്യാരന്റിയുടെ പേരിൽ ആരുടെയും പ്രവേശനം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണു സർക്കാരിന്റെ ശ്രമം. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് പ്രവേശനമാണ് ഇന്നുംനാളെയുമായി തിരുവനന്തപുരം മെഡിക്കൽകോളജിൽ നടക്കുന്നത്. ഡിഎം വയനാട്, അൽ അസർ, മൗണ്ട് സിയോൺ എന്നീ കോളജുകളിലേക്കുള്ള അലോട്ട്മെന്റും പ്രവേശനവും ഇതിനൊപ്പം നടക്കും. കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ കോളജുകൾ ബാങ്ക് ഗ്യാരണ്ടി വേണ്ട, ബോണ്ട് മതി എന്ന് അറിയിച്ചിട്ടുണ്ട്.

ബാങ്ക് ഗ്യാരന്റി നൽകാൻ സാധിക്കാത്ത കുട്ടികളുടെ പ്രവേശനം മുടങ്ങുമെന്ന സാഹചര്യത്തിലാണു സർക്കാർ ബാങ്കുകളുമായി ചർച്ച നടത്തുന്നത്. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മറ്റിയിൽ അംഗങ്ങളായ ബാങ്കുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമാണ് ബാങ്കുകളുമായി ചർച്ച നടത്തുന്നത്. കുട്ടികൾക്ക് ആവശ്യമായ ബാങ്ക് ഗ്യാരന്റി നൽകാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതേസമയം, എൻജിനീയറിങ് കോളജിൽനിന്നു വിടുതൽ സർട്ടിഫിക്കറ്റ് നേടുകയും ഉയർന്ന ഫീസ് മൂലം മെഡിക്കൽ പ്രവേശനം അസാധ്യമാകുകയും ചെയ്ത കുട്ടികൾക്കു കോഴ്സിൽ പുനഃപ്രവേശനം നൽകാൻ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടതാണ് ആശ്വാസകരമാണ്.

related stories