Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് ചർച്ചകളിൽ പുരോഗതിയില്ല; പഴിചാരി ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ

michel-barnier മൈക്കിൾ ബാർണിയർ

ലണ്ടൻ∙ ബ്രെക്സിറ്റ് പ്രാവർത്തികമാക്കാൻ ജൂണിൽ തുടങ്ങിയ ചർച്ചകൾ എങ്ങുമെത്തിക്കാനാകാതെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും. ചർച്ചകൾ ഇഴയുമ്പോൾ പരസ്പരം പഴിചാരി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇരുപക്ഷവും. ബ്രിട്ടനുമായി അവസാനവട്ടം നടന്ന ചർച്ചയിലും നിർണായകമായ ഒരു പുരോഗതിയും കൈവരിക്കാനായില്ലെന്നു തുറന്നടിച്ചു യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയറാണു ഭിന്നതയുടെ സ്വരം ആദ്യം പുറത്തുവിട്ടത്. ഭാവിയിലെ വ്യാപാര ഉടമ്പടികൾ സംബന്ധിച്ചും മറ്റും ഇരുപക്ഷവും ഇനിയും ഏറെ ദൂരെയാണെന്നായിരുന്നു ബാർണിയറുടെ വിമർശനം.

എന്നാൽ ചർച്ചയിൽ കൂടുതൽ ഭാവനാപൂർണവും അയവുള്ളതുമായ സമീപനം സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ തയാറാകണമെന്നായിരുന്നു ഇതിനോട് ബ്രിട്ടന്റെ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന്റെ പ്രതികരണം. ബ്രസൽസിൽ നടന്ന മൂന്നാംവട്ട ചർച്ചകളിൽ വ്യക്തമായ പുരോഗതിയുള്ളതായാണു തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നംവട്ട ചർച്ചകൾക്കുശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇരുപക്ഷത്തെയും വിയോജിപ്പുകളും അസന്തുഷ്ടിയും പ്രകടമായത്. അയർലൻഡുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും വടക്കൻ അയർലൻഡിലേക്കുള്ള സ്വതന്ത്ര സഞ്ചാരത്തിന്റെ കാര്യത്തിലുമെല്ലാം ഫലപ്രദമായ ചർച്ചകൾ നടന്നെങ്കിലും ചർച്ചയുടെ രീതികളും സ്വരവും ശുഭസൂചകങ്ങളല്ലെന്നു തുറന്നടിക്കാൻപോലും ബാർണിയർ തയാറായി.