Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീർഘകാലം ഉണ്ടാകുമെന്ന് തെരേസ മേ; അതിമോഹമെന്ന് പാർട്ടി എംപിമാർ

Theresa May

ലണ്ടൻ ∙ താനിവിടെ ദീർഘകാലം ഉണ്ടാകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ രാഷ്ട്രീയ പ്രഖ്യാപനം വിശ്വാസത്തിലെടുക്കാടെ പാർട്ടി അണികളും എംപിമാരും.  ജപ്പാൻ സന്ദർശനത്തിന്റെ ഒന്നാംദിവസമായിരുന്നു വരുന്ന തിരഞ്ഞെടുപ്പിലും കൺസർവേറ്റീവ് പാർട്ടിയെ നയിക്കാൻ താനുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ‘ഞാനിവിടെ തീർച്ചയായും ദീർഘനാൾ ഉണ്ടാകും. ബ്രക്സിറ്റ് പ്രാവർത്തികമാക്കുക മാത്രമല്ല തന്റെയും സർക്കാരിന്റെയും ലക്ഷ്യം. ബ്രിട്ടന്റെ ശോഭനമായ ഭാവിയും രാജ്യാന്തര വ്യാപാര ഉടമ്പടികളിലൂടെ ഗ്ലോബൽ ബ്രിട്ടൺ എന്ന ആശയവും പ്രാവർത്തികമാക്കും.’ ഒരിക്കലും ഇടയ്ക്കുവച്ച് ഉപേക്ഷിച്ചുപോകുന്ന ആളല്ല താനെന്നും ദീർഘകാല രാഷ്ട്രീയ മോഹങ്ങൾ വ്യക്തമാക്കിക്കൊണ്ട് തെരേസ മേയ് പറഞ്ഞു.

വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഉഴലുന്ന ടോറി സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകാനാകാതെ തെരേസ മേയ് ബ്രക്സിറ്റിനുശേഷം രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കവേയാണ് ഇടയ്ക്കുവച്ച് ഉപേക്ഷിച്ചു പോകാനില്ലെന്ന വ്യക്തമായ സൂചന നൽകിയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന. പാർട്ടി പ്രധാനമന്ത്രിയ്ക്കു പിന്നിൽ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും മറ്റുചില മുതിർന്ന നേതാക്കളും  ഈ പ്രസ്താവനയ്ക്ക് പിന്തുണയും നൽകി. 

എന്നാൽ പ്രതിപക്ഷവും പാർട്ടിയിലെതന്നെ നല്ലൊരു ശതമാനം എംപിമാരും പ്രധാനമന്ത്രിയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കുന്നില്ല. എങ്ങനെയും കാലാവധി തികയ്ക്കാനായാലും ഇനിയൊരു തിരഞ്ഞടുപ്പൽ കൺസർവേറ്റീവ് പാർട്ടിയെ നയിക്കാൻ തെരേസ മേയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പിൻബഞ്ചുകാരായ പല പുതുമുഖ എംപിമാരുടെയും വിലയിരുത്തൽ. സ്വയം അപഹാസ്യയാകുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തുന്നതെന്നായിരുന്നു മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ പരിഹാസം. 

മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന സർക്കാരിനെ ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ന്യൂനപക്ഷ സർക്കാരാക്കി മാറ്റിയ തെരേസ മേയ് പാർട്ടിക്കുള്ളിൽ വലിയ വെല്ലുവിളികൾ നേരിട്ടാണ് മുന്നോട്ടു പോകുന്നത്. ദുർബലമായ നേതൃത്വത്തിന്റെ പ്രതിഫലനം ബ്രിട്ടന്റെ നയതന്ത്രബന്ധങ്ങളിലും ബ്രക്സിറ്റ് ചർച്ചകളിൽപോലും ദൃശ്യമാണ്.

related stories