Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ മറുപടി നല്‍കിയില്ല; കേജ്‌രിവാളിന് പിഴ

jaitley-kejriwal

ന്യൂ‍ഡൽഹി ∙ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയ മാനനഷ്ടക്കേസില്‍ മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് 5000 രൂപ പിഴയിട്ടു. ‍ഡല്‍ഹി ഹൈക്കോടതിയാണ് മുഖ്യമന്ത്രിക്കു പിഴയിട്ടത്. പലതവണ സമയം നല്‍കിയിട്ടും മറുപടി സമര്‍പ്പിക്കാത്ത കേജ്‍രിവാളിന്‍റെ നടപടിയെ കോടതി വിമര്‍ശിച്ചു. മാനനഷ്ടക്കേസിൽ മറുപടി നൽകാത്തതിനു നേരത്തെയും ഹൈക്കോടതി കേജ്‍രിവാളിനു മേൽ പിഴ ചുമത്തിയിരുന്നു. അന്ന് 10,000 രൂപയാണ് പിഴ ചുമത്തിയത്.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭരണത്തില്‍ അരുണ്‍ ജെയ്റ്റ്ലി ക്രമക്കേട് കാട്ടിയെന്ന ആരോപണമാണ് മാനനഷ്ടക്കേസിലെത്തിയത്. ഡിഡിസിഎ ക്രമക്കേടുമായി ബന്ധപ്പെട്ട വിസ്താരത്തിനിടെ കേജ്‌രിവാളിന്റെ അഭിഭാഷകനായ റാം ജഠ്മലാനി തന്നെ അധിക്ഷേപിച്ചുവെന്നു കാട്ടി പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ജയ്റ്റ്ലി മാനനഷ്ടക്കേസ് നൽകിയത്.

മാനനഷ്ടക്കേസിൽ വിചാരണനടപടികൾ വേഗത്തിലാക്കാനുള്ള കോടതി വിധി ചോദ്യം ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. വിചാരണ വൈകിയാൽ തങ്ങൾക്കു സുപ്രീം കോടതിയിൽ വിശദീകരണം നൽകേണ്ടി വരുമെന്നും വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനെതിരെ ഇതാദ്യമായാണു കേസിലുൾപ്പെട്ട കക്ഷി എതിർപ്പുയർത്തുന്നതെന്നും ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയിരുന്നു.

related stories