Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിയേറ്റ നിയമം കർശനമാക്കി ട്രംപിന്റെ ഇരുട്ടടി; ഇന്ത്യക്കാരും കുടുങ്ങും

Donald Trump

വാഷിങ്ടൻ ∙ 70,000ൽ അധികം ഇന്ത്യക്കാർ ഉൾപ്പെടെ യുഎസിലെ കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വിവാദ നടപടിയുമായി ‍ഡോണൾട് ട്രംപ് ഭരണകൂടം രംഗത്ത്. ഒബാമ ഭരണകൂടം നടപ്പിലാക്കിയ ഡിഎസിഎ (ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ്) നിയമം റദ്ദാക്കി ട്രംപ് ഉത്തരവു പുറപ്പെടുവിച്ചു. യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

യുഎസിൽ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നടപടി. യുഎസിലെ കുടിയേറ്റക്കാരുടെ മക്കളെയാണ് നടപടി കൂടുതലായും ബാധിക്കുക. ചെറിയ പ്രായത്തിൽ അനധികൃതമായി യുഎസിലേക്കു കടന്ന ആളുകൾക്ക് നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയാണ് ട്രംപ് ഇടപെട്ട് റദ്ദാക്കിയത്. ഇത്തരക്കാർക്ക് പിന്നീട് യുഎസിൽ ജോലി ചെയ്യാനും യുഎസ് ഭരണകൂടത്തിന്റെ ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങൾ സ്വീകരിക്കാനും അനുമതി നൽകിക്കൊണ്ട് ഒബാമ ഭരണകൂടം നടപ്പിലാക്കിയ പദ്ധതിയാണിത്.

അധികാരത്തിലെത്തിയാൽ ഈ പദ്ധതി റദ്ദാക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ വ്യക്തമാക്കിയിരുന്നു. ആറു മാസത്തിനകം ഇത്തരം കുടിയേറ്റക്കാരുടെ കാര്യത്തിൽ നിയമനിർമാണം നടത്തുമെന്നും ഉത്തരവിലുണ്ട്. ഒബാമ ഭരണകൂടം 2012ൽ നടപ്പിലാക്കിയ ഈ പദ്ധതി റദ്ദാക്കപ്പെട്ടത് യുഎസിലെ എട്ടു ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ ഭാവി അവതാളത്തിലാക്കും. എഴുപതിനായിരത്തിൽ അധികം ഇന്ത്യക്കാരെയും നടപടി പ്രതികൂലമായി ബാധിക്കും.