Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചെന്നു കരുതി ‘മോർച്ചറിയിലാക്കി’, പിന്നീടു ജീവനുണ്ടെന്നു കണ്ടെത്തിയ വീട്ടമ്മ മരിച്ചു

Death (Representative Image)

കട്ടപ്പന∙ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നു കരുതി മൊബൈൽ മോർച്ചറിയിലാക്കി, പിന്നീടു ജീവനുണ്ടെന്നു കണ്ടെത്തിയ വീട്ടമ്മ മരിച്ചു. അന്തിമോപചാരം അർപ്പിക്കുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇടുക്കി കട്ടപ്പനയ്ക്കടുത്താണ് സംഭവം. വണ്ടന്‍മേട് സ്വദേശിനി രത്നമാണ് ഇത്തരത്തിൽ ജീവിതത്തിലേക്കു തിരിച്ചുവന്നെന്നു ആശ്വസിപ്പിച്ചശേഷം മരിച്ചത്.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില ഗുരുതരമായിരുന്നു. മഞ്ഞപ്പിത്തത്തിനു മൂന്നുമാസമായി ചികില്‍സയിലായിരുന്നു ഇവർ. ആന്തരികാവയവങ്ങളെല്ലാം പ്രവർത്തനരഹിതമായി ഗുരുതരാവസ്ഥയിലായിരുന്നു. ജീവൻ രക്ഷിക്കാൻ മാർഗമൊന്നുമില്ലെന്നു ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽനിന്നു വീട്ടിലേക്കു മാറ്റുകയായിരുന്നു.

ഇന്നു രാവിലെ അനക്കമറ്റ നിലയിൽ കണ്ടെത്തിയതോടെ മരിച്ചെന്നു തെറ്റിദ്ധരിച്ചു ബന്ധുക്കളും കുടുംബാംഗങ്ങളും ചേർന്ന് ‘മൃതദേഹം’ മൊബൈൽ മോർച്ചറിയിലേക്കു മാറ്റി. തുടർന്നു ബന്ധുക്കളിൽ ചിലർ അന്തിമോപചാരമർപ്പിക്കുന്നതിനിടെയാണു രത്നം ശ്വസിക്കുന്നതായി കണ്ടെത്തിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് രത്നത്തെ വീണ്ടും ആശുപത്രിയിലേക്കു മാറ്റി. തീർത്തും ഗുരുതരാവസ്ഥയിലായ ഇവർ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യത വിരളമാണെന്നു ഡോക്ടർ അറിയിച്ചിരുന്നു.