Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടുലക്ഷം പേരെ യുഎസ് നാടുകടത്തും; എണ്ണായിരത്തോളം ഇന്ത്യൻ വംശജർ ആശങ്കയിൽ

daca

വാഷിങ്ടൻ∙ കുട്ടികളായിരിക്കേ യുഎസിലേക്കു രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെ തൊഴിൽ വീസയിൽ രാജ്യത്തു തുടരാൻ അനുവദിക്കുന്ന നിയമം ട്രംപ് ഭരണകൂടം റദ്ദാക്കുന്നു. ഇതോടെ എണ്ണായിരത്തോളം ഇന്ത്യൻ വംശജർ അടക്കം എട്ടു ലക്ഷത്തോളം കുടിയേറ്റക്കാർ നാടുകടത്തൽ ഭീഷണിയിലായി.

ഇതേസമയം, തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കി ഡമോക്രാറ്റുകൾ ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങൾ രംഗത്തെത്തി. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേഡ് ആക്‌ഷൻ ഫോർ ചിൽഡ്രൻ അറൈവൽ (ഡാകാ) നിയമത്തിന് അടുത്ത വർഷം മാർച്ച് അഞ്ചു വരെയാണു കാലാവധി. നിയമം തുടരാതെ റദ്ദാക്കാനാണു യുഎസ് കോൺഗ്രസിനോടു ട്രംപ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

2012ൽ ബറാക് ഒബാമയുടെ ഉത്തരവുപ്രകാരം നിലവിൽ വന്ന ഡാകാ പ്രകാരം 787,000 പേർക്കാണു യുഎസിൽ തൊഴിൽവീസ ലഭിച്ചത്. ഏറെപ്പേരും മെക്സിക്കോ, പെറു, എൽ സാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള 7881 പേരുമുണ്ട്. ഡാകാ നിയമപ്രകാരം ഇളവിന് അർഹരായ, രേഖകളില്ലാത്ത 19 ലക്ഷം കുടിയേറ്റക്കാരിൽ 14,000 ഇന്ത്യക്കാർ വേറെയുമുണ്ട്. രണ്ടുവർഷം കഴിഞ്ഞാൽ പുതുക്കാവുന്ന വർക്ക് പെർമിറ്റ് അനുവദിക്കുന്ന ഡാകാ നിയമത്തിനു കീഴിൽ പുതിയ അപേക്ഷ ഇനി സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

കുടിയേറ്റക്കാരായ മാതാപിതാക്കൾക്കൊപ്പം രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുട്ടികൾക്ക് അമേരിക്കയിൽ തൊഴിൽ വീസയിൽ തുടരാൻ അനുമതി നൽകുന്ന നിയമം ഇല്ലാതാക്കുന്നതിനോടു റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ ഒരു വിഭാഗം മുതിർന്ന നേതാക്കളും ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ അടക്കം വൻകിട കമ്പനി മേധാവികളും എതിരാണ്.

ട്രംപിന്റെ ഉപദേശകർ കൂടിയായ മകൾ ഇവാൻക ട്രംപും മരുമകൻ ജറീദ് കുഷ്‌നറും ഡാകാ തുടരണമെന്ന നിലപാടുകാരാണ്. കുടിയേറ്റക്കാരായ ജീവനക്കാരുടെ അവകാശങ്ങൾക്കായി നിയമ പോരാട്ടം നടത്തുമെന്ന് ആപ്പിൾ സിഇഒ ടിം കുക് വ്യക്തമാക്കി. നിയമം തുടരണമെന്നാവശ്യപ്പെട്ടു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്, ഫെയ്‌സ് ബുക് സിഇഒ മാർക് സുക്കർബർഗ്, ഗൂഗിൾ സിഇഒ ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ എന്നിവരും രംഗത്തെത്തി.