Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം പറയുന്നു; ഉഗ്രരൂപികളല്ല, കൗതുകമാണീ ഹാർവിയും ഇർമയും!

Irma-Harvey ഇർമ മുത്തശ്ശിയും ഹാർവി മുത്തശ്ശനും. (ട്വിറ്റർ ചിത്രം)

വാഷിങ്ടൻ ∙ ടെക്സസിനെ തൂത്തെറിഞ്ഞ ഹാർവി ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ, ഫ്ലോറിഡയിൽ ഭീതി സൃഷ്ടിച്ച് ഇർമ എത്തുന്നു എന്ന വാർത്ത കേട്ട് യുഎസ് ഒന്നാകെ ഭീതിയിലാണ്. എന്നാൽ, ഭീതിയേക്കാളേറെ ഈ വാർത്ത ഒരുപിടി സങ്കടം സമ്മാനിക്കുന്ന ദമ്പതികളാണ് ഇന്ന് രാജ്യാന്തര മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഇവരിൽ ഭർത്താവിന്റെ പേര് ഹാർവി! ഭാര്യ ഇർമ! ഇവർക്ക് പ്രായം യഥാക്രമം 104, 92. അടുത്തിടെയാണ് ഇരുവരും വിവാഹത്തിന്റെ 75–ാം വാർഷികം ആഘോഷിച്ചത്!

യുഎസിനെ ആകമാനം പ്രതിസന്ധിയിലാക്കായിരിക്കുന്ന രണ്ടു ചുഴലിക്കൊടുങ്കാറ്റുകൾക്ക് കൃത്യമായി എങ്ങനെ തങ്ങളുടെ പേരു ലഭിച്ചു എന്ന സങ്കടത്തിലാണ് ഇർമ മുത്തശ്ശിയും ഹാർവി മുത്തശ്ശനും. ഇതെങ്ങനെ സംഭവിച്ചു എന്ന് ഒരു പിടിയുമില്ലെന്ന് യുഎസ് ദേശീയ മാധ്യമമായ ന്യൂയോർക്ക് ടൈംസിനോടു വെളിപ്പെടുത്തി ഇർമ മുത്തശ്ശി കൈ മലർത്തുന്നു.

സത്യത്തിൽ, യുഎസിലെ നാഷനൽ ഹരികെയ്ൻ സെന്ററാണ് (എൻഎച്ച്സി) ചുഴലിക്കൊടുങ്കാറ്റുകൾക്കു പേരിടുന്നതിനു പിന്നിൽ. ചുഴലിക്കൊടുങ്കാറ്റ് പതിവുള്ള യുഎസിൽ അവയ്ക്കിടാനായി എൻഎച്ച്സി 21 പേരുകളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്. ഏഴു വർഷത്തേക്കാണ് പട്ടിക തയ്യാറാക്കുക. ഇതനുസരിച്ച് 2017, 2018, 2019, 2020, 2021, 2022 വർഷങ്ങളിലേക്കുള്ള പട്ടിക ഇപ്പോൾത്തന്നെ തയാറാണ്. (പട്ടികയുടെ പൂർണരൂപം) ഏഴു വർഷത്തിനുശേഷം ഈ പേരുകൾ ആവർത്തിക്കും.

2022ൽ ആദ്യം അലക്സ്, ഒടുവിൽ വാൾട്ടർ

ഈ പട്ടികയനുസരിച്ച് 2022ൽ ആദ്യമെത്തുന്ന ചുഴലിക്കൊടുങ്കാറ്റിന് അലെക്സ് എന്നും ഒടുവിലെത്തുന്ന ചുഴലിക്കൊടുങ്കാറ്റിന് (സംഭവിച്ചെങ്കിൽ) വാൾട്ടർ എന്നുമാകും പേര്. ഇനി, ഈ വർഷം ഇർമയ്ക്കു ശേഷമെത്തുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ പേരെന്താണെന്നോ, ജോസ്! അതിനുശേഷം കാത്തിയ എത്തും.

എങ്ങനെയാണ് ചുഴലിക്കൊടുങ്കാറ്റുകൾക്ക് മനുഷ്യരുടെ പേരു വന്നതെന്നറിയാമോ? ഓർമിക്കാൻ എളുപ്പം എന്ന ലളിതമായ ചിന്തയോടെയാണ് ഈ പതിവു തുടങ്ങിയത്. ആദ്യമൊക്കെ ചുഴലിക്കൊടുങ്കാറ്റുകൾക്ക് സ്ത്രീ നാമങ്ങൾ മാത്രമാണ് നൽകിയിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ചുഴലിക്കൊടുങ്കാറ്റുകൾക്ക് തങ്ങളുടെ ഭാര്യമാരുടെയും പെൺസുഹൃത്തുക്കളുടെയും പേരു നൽകിയിരുന്ന യുഎസ് നാവികരാണ് ഈ പതിവു തുടങ്ങിയത്.

പിന്നീട് ചുഴലിക്കൊടുങ്കാറ്റുകൾക്ക് ഔദ്യോഗികമായി പേരു നൽകുന്ന പതിവ് യുഎസ് ഭരണകൂടം ഏറ്റെടുത്തപ്പോഴും സ്ത്രീനാമം നൽകുന്ന ഈ പതിവു തുടർന്നു. ഇതിനെതിരെ ചില സ്ത്രീരത്നങ്ങൾ സംഘടിച്ചതോടെ 1979ൽ ഈ പതിവ് അവസാനിപ്പിച്ചു. മനുഷ്യരുടെ പേരു നൽകുന്ന പതിവു പക്ഷേ നിർത്തിയില്ല. പകരം, സ്ത്രീകളുടെയും പുരുഷൻമാരുടെയും പേരുകൾ മാറി മാറി നൽകാൻ തുടങ്ങി.

അപകടകാരിയാണെങ്കിൽ പട്ടികയ്ക്ക് പുറത്ത്

അതേസമയം, ഒരു പേരു പേറുന്ന ചുഴലിക്കൊടുങ്കാറ്റ് വിതയ്ക്കുന്ന നാശനഷ്ടം വളരെ കൂടുതലാണെങ്കിൽ, ആ പേര് പട്ടികയിൽനിന്ന് വെട്ടും. പകരം പുതിയൊരു പേര് ചേർക്കുകയും ചെയ്യും. ക്രമമനുസരിച്ച് ഹാർവിക്കു പിന്നാലെ വരുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ പേര് ഐറിൻ എന്നാണ് വരേണ്ടിയിരുന്നത്. എന്നാൽ, 2011ൽ ഇതേ പേരിലെത്തിയ ചുഴലിക്കൊടുങ്കാറ്റ് യുഎസിലും കരീബിയൻ ദ്വീപുകളിലും കനത്ത നാശം വിതച്ചതോടെ ഐറിൻ പട്ടികയിൽനിന്നും എന്നന്നേക്കുമായി പുറത്തായി. പകരമെത്തിയ പേരാണ് ഇർമ.

മാത്യു, കത്രീന, സാൻഡി, മിച്ച് തുടങ്ങിയ പേരുകളും അപകടകാരികളായതിന്റെ പേരിൽ പട്ടികയിൽനിന്ന് പുറത്തുപോയവ തന്നെ.