Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഞ്ഞടിച്ച് ഇർമ; ‘പ്രേത നഗര’ങ്ങളായി മിയാമി, ഫോർട് ലോഡർഡെയ്‌ൽ, ടാംപ

Hurricane Irma ഇർമ ചുഴലിക്കാറ്റിൽപെട്ട് രണ്ടായി വിഭജിച്ചുപോയ മരം. ഫോർട് ലോഡർഡെയ്‌ലിൽനിന്നുള്ള ദൃശ്യം

മിയാമി∙ യുഎസിനെ വിറപ്പിച്ച് ഇർമ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. സുരക്ഷിത കേന്ദ്രങ്ങൾ തേടി ജനങ്ങൾ നീങ്ങിയതോടെ മിയാമി, ഫോർട് ലോഡർഡെയ്‌ൽ, ടാംപ തുടങ്ങിയവ ‘പ്രേതനഗര’ങ്ങളായി. കാറ്റഗറി രണ്ടിലേക്കു താഴ്ന്നെങ്കിലും ഇർമയുടെ പ്രഹരശേഷിക്ക് കുറവില്ല. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. വെസ്റ്റ്–സെൻട്രൽ ഫ്ലോറിഡയിലാണ് ഇപ്പോൾ ഇർമയുള്ളത്. തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറൻ ഫ്ലോറിഡ മുനമ്പിലേക്കു ചുഴലിക്കാറ്റ് നീങ്ങുമെന്നാണു പ്രവചനം. വലിയ ദുരിതം സൃഷ്ടിച്ചാണ് ഇർമ മുന്നേറുന്നത്. ഫ്ലോറിഡയിൽ 40 ലക്ഷം ജനങ്ങൾ വൈദ്യുതി ഇല്ലാതെയാണ് കഴിയുന്നത്.

അതിനിടെ, ദുരിതം മുതലെടുത്ത് മോഷണവും പിടിച്ചുപറിയും വ്യാപകമായി. ഇതുവരെ 28 പേരെ ഈ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തതായി മിയാമി പൊലീസ് അറിയിച്ചു. എപ്പോഴും വിനോദസഞ്ചാരികൾ നിറഞ്ഞ മിയാമി ബീച്ച് പൂർണമായും വിജനമായി. ഇർമ അപകടങ്ങളിൽ യുഎസിൽ ഇതുവരെ നാലു പേർ മരിച്ചു. കരീബിയൻ തീരത്തു വൻനാശം വിതച്ചാണ് ഇർമ യുഎസിൽ എത്തിയത്. ഫ്ലോറിഡയിൽ 65 ലക്ഷം ജനങ്ങളോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്.

കടലോര വിനോദ സഞ്ചാരമേഖല ഫ്ലോറിഡ കീസിലാണ് ഇർമ കഴിഞ്ഞദിവസം ആഞ്ഞടിച്ചത്. കീ വെസ്റ്റിൽ നിന്ന് 24 കിലോമീറ്റർ അകലെയാണു കാറ്റിന്റെ പ്രഭവകേന്ദ്രം. 15 അടിവരെ ഉയരത്തിൽ തിരമാലകൾ എത്താമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. യുഎസിലെ ഇന്ത്യൻ എംബസി മുഴുവൻസമയ ഹെൽപ്‌ലൈൻ ഏർപ്പെടുത്തി. അറ്റ്‌ലാന്റയിലെ ഇന്ത്യക്കാർ ദുരിതബാധിതർക്കായി വീടുകൾ തുറന്നുകൊടുത്തു. സേവ ഇന്റർനാഷനൽ 300 കുടുംബങ്ങൾക്കു താമസമൊരുക്കി. മറ്റു സംഘടനകൾ ചേർന്ന് 2000 കുടുംബങ്ങൾക്കു താമസവും ഭക്ഷണവും നൽകുന്നുണ്ട്. നാലു ക്ഷേത്രങ്ങളും ദുരിതബാധിതർക്കായി തുറന്നു.

കൊടുങ്കാറ്റിൽ സുഖപ്രസവം

Hurricane Irma ഇർമ ചുഴലിക്കാറ്റിൽപെട്ട് കടപുഴകി വീണ മരം. ഫോർട് ലോഡർഡെയ്‌ലിൽനിന്നുള്ള ദൃശ്യം

കാറ്റ് ദുരിതം വിതയ്ക്കുമ്പോഴും ചില സന്തോഷ മുഹൂർത്തങ്ങൾക്കും യുഎസ് സാക്ഷിയായി. കൊടുങ്കാറ്റിനിടെ കുളിമുറിയിൽ പെട്ടുപോയ പൂർണ ഗർഭിണിയാണു വാർത്തകളിൽ നിറഞ്ഞത്. രക്ഷാപ്രവർത്തനത്തിന് എത്തിയ കോറൽ സ്പ്രിങ്സ് ഫയർ ആൻഡ് പൊലീസ് ഡിപ്പാർട്ട്മെന്റാണ് യുവതിക്ക് സഹായമൊരുക്കിയത്. ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ചാണ് യുവതിയുടെ പ്രസവമെടുത്തത്. വലിയ കൊടുങ്കാറ്റ് പുറത്തടിക്കുമ്പോഴും ഇത്രയും ശാന്തമായ ഒരവസ്ഥ മുൻപ് കണ്ടിട്ടില്ലെന്നു അസിസ്റ്റൻ ചീഫ് ജോൺ വാലൻ പറഞ്ഞു. ‍കുഞ്ഞിന് ‘ഏപ്രിൽ’ എന്നാണ് അമ്മ പേരിട്ടത്.

ഒഴിപ്പിച്ചത് 65 ലക്ഷം പേരെ

Hurricane Irma ഇർമ ചുഴലിക്കാറ്റിനെ തുടർന്ന് വിജനമായ ഫോർട് ലോഡർഡെയ്‌ൽ നഗരം

ഇർമയിൽ നിന്നു രക്ഷ തേടി ഫ്ളോറി‍ഡയിൽ 65 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിൽ ജനസംഖ്യയുടെ കാൽഭാഗത്തിലധികം പേരെ ഒഴിപ്പിച്ചുകഴിഞ്ഞു. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളിൽ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളെ കാണാം. കൂട്ട പലായനത്തെ തുടർന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീർന്നു. 1992ൽ വീശിയടിച്ച ആൻഡ്രൂ ചുഴലിക്കാറ്റിനേക്കാൾ വിനാശകാരിയാണ് ഇർമയെന്നാണു വിലയിരുത്തൽ. അന്ന് 65 പേരാണു മരിച്ചത്.

ശനിയാഴ്ച പുലർച്ചെ ക്യൂബയുടെ വടക്കൻ തീരത്ത് എത്തിയപ്പോൾ ഇർമയുടെ വേഗം മണിക്കൂറിൽ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു മാറിയിരുന്നു. കരീബിയൻ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലുമുണ്ടായത്. വടക്കൻ തീരത്തുള്ള റിസോർട്ടുകളിൽനിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സർക്കാർ നേരത്തേ ഒഴിപ്പിച്ചിരുന്നു.

ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രം

Irma | Miami ഇർമ ചുഴലിക്കാറ്റിനെ തുടർന്ന് വിജനമായ മിയാമി നഗരം

ഇർമ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. കരാക്കസ്, ഹവാന, ജോർജ് ടൗൺ, പോർട് ഓഫ് സ്പെയ്ൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യക്കാരെ പൂർണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. യുഎസ് തീരത്ത് ഇർമ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർ‌ക്കു നാട്ടിലെത്താനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യൻ കോൺസുലേറ്റിൽ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്കു വിസയും പാസ്പോർട്ടും ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇർമ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. ഹോട്‌ലൈൻ: 202-258-8819.

കരീബിയൻ ദ്വീപുകൾ തകർന്നടിഞ്ഞു

ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടർക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ്സ്, ബഹാമസ്, സെന്റ് മാർട്ടിൻ ഐലൻഡ്സ്, ബാർബുഡ, ആംഗില, സെന്റ് മാർട്ടിൻ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, യുഎസ് വിർജിൻ ഐലന്‍ഡ്സ്, പ്യൂട്ടോറിക്കോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശമാണ് ഇർമ വിതച്ചത്. ദ്വീപുരാജ്യമായ ബാർബുഡ ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു. ദ്വീപിൽ ആകെ രണ്ടായിരത്തിൽ താഴെ ജനങ്ങളേയുള്ളൂ. ഇവരിൽ പകുതിയോളം പേരുടെ വീടുകൾ നശിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാർട്ടിൻ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചു.

Hurricane Irma ഇർമ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ മിയാമി ബീച്ച് പരിസരം

ഉദ്ഭവം കേപ് വെർദിൽ

അറ്റ്‌ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊണ്ടത്. ഈ പ്രദേശത്തുനിന്നു രൂപമെടുത്ത മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്ളോയ്ഡ്, ഐവാൻ എന്നിവയും തീവ്രതയുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകുന്നു.