Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചകമടി തുടർന്നാൽ യുഎസ് കനത്ത വില നൽകേണ്ടിവരും: ഉത്തരകൊറിയ

Kim Jong Un and Donald Trump

സോൾ ∙ വാചകമടി തുടർന്നാൽ യുഎസ് കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചർച്ചകൾക്കും സന്നദ്ധരല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെയുടെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.

ഉത്തരകൊറിയൻ സ്ഥാപകദിനമായ സെപ്റ്റംബർ ഒൻപതിന് അവർ മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന ആശങ്കകൾ ശക്തമായിരിക്കെയാണ് ഉത്തരകൊറിയയുടെ നീക്കം. സ്ഫോടകശേഷി കൂടിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രാജ്യം സ്ഥാപിതമായതിന്റെ വാർഷികാഘോഷ ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാൻ സെപ്റ്റംബർ ഒൻപതിനോ ഉത്തരകൊറിയയിലെ ഭരണകക്ഷിയുടെ സ്ഥാപകദിനമായ ഒക്ടോബർ പത്തിനോ പരീക്ഷണം നടത്തിയേക്കാമെന്നായിരുന്നു റിപ്പോർട്ട്.

North Korea Missile

ദേശീയ തലത്തിലെ സുപ്രധാന ദിനങ്ങൾ സൈനിക ശക്തി വെളിപ്പെടുത്തുന്നതിനും മിസൈൽ പരീക്ഷണങ്ങൾക്കുമായി തിരഞ്ഞെടുക്കുന്ന പതിവ് ഉത്തര കൊറിയയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ്, പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന അഭ്യൂഹം ഉയർന്നത്.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് ഉത്തരകൊറിയ കഴിഞ്ഞദിവസം പരീക്ഷിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളിൽ ഉത്തരകൊറിയൻ അതിർത്തിയിലെ സ്ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി.

സൈനിക നടപടിക്ക് സാധ്യത: ട്രംപ്

മേഖലയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുന്ന ഉത്തര കൊറിയയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി യുഎസ്. ഉത്തര കൊറിയക്കെതിരെ സൈനിക നടപടിക്കു സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഹൈഡ്രജൻ ബോംബ് ഉത്തര കൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.

north-korea

‘സൈനിക നടപടി തീർച്ചയായും പരിഗണനയിലുള്ള സാധ്യതയാണ്. ഒഴിച്ചുകൂടാനാവില്ലെങ്കിൽ എന്തുചെയ്യും? ഞങ്ങൾ എല്ലാകാര്യങ്ങളും വിശദമായി നിരീക്ഷിക്കുകയാണ്. 25 വർഷമായി പല പ്രസിഡന്റുമാർ മാറിമാറി വന്നു. അവരെല്ലാം ചർച്ചകൾ തുടർന്നു. ആണവായുധ കാര്യങ്ങളിൽ ഉത്തര കൊറിയയുമായി കരാർ സാധ്യമായിട്ടില്ല. സൈനിക വഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അതിനുള്ള സാഹചര്യമുണ്ടായാൽ ഒഴിവാക്കാനാവില്ല.

‘യുഎസ് സൈന്യത്തിന് എന്നത്തെക്കാളും കരുത്തുണ്ട് ഇപ്പോൾ. ഉത്തര കൊറിയയുടെ മേൽ അതുപയോഗിക്കരുതെന്നാണ് ആഗ്രഹം. ഞങ്ങളത് പ്രയോഗിച്ചാൽ‌ ഉത്തര കൊറിയയുടെ ഏറ്റവും ദുഃഖകരമായ ദിവസമാകും. ഞാൻ ചർച്ചയ്ക്ക് ഇല്ല. മുൻ ഭരണാധികാരികളെ പോലെ ഞാനവരോട് സംസാരിക്കാനില്ല. പക്ഷേ ഒരു കാര്യം ഉത്തര കൊറിയയോടു പറയാനാഗ്രഹിക്കുന്നു. മോശമായാണ് ഉത്തര കൊറിയ പെരുമാറുന്നത്, അതുടൻ അവസാനിപ്പിക്കണം.– ട്രംപ് വ്യക്തമാക്കി.