Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കമഗളൂരുവിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാർഥിനികൾ മരിച്ചു; 20 പേർക്ക് പരുക്ക്

merin-irin ചിക്കമഗളൂരുവിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ മെറിൻ സെബാസ്റ്റ്യനും ഐറിൻ മരിയ ജോർജും.

ചിക്കമഗളൂരു(കർണാടക)∙ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥികളുമായി പഠനയാത്ര പോയ ബസ് ഡാമിനു സമീപത്തെ കുഴിയിലേക്കു മറിഞ്ഞു രണ്ടു വിദ്യാർഥിനികൾ മരിച്ചു. 20 പേർക്കു പരുക്കേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.

മുണ്ടക്കയം വരിക്കാനി വളയത്തിൽ പീരുമേട് സ്റ്റേഷനിൽ എഎസ്ഐ ദേവസ്യ കുരുവിളയുടെ മകൾ മെറിൻ സെബാസ്റ്റ്യൻ (20), വയനാട് സുൽത്താൻബത്തേരി കൊടുവട്ടി പുത്തൻകുന്ന് പാലീത്ത്മോളേൽ പി.ടി. ജോർജിന്റെ മകൾ ഐറിൻ (20) എന്നിവരാണു മരിച്ചത്.

bus കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് ചിക്കമഗളൂരുവിൽ മറിഞ്ഞപ്പോൾ.

ഇന്നലെ രാത്രി ഒൻപതോടെ മാഗഡി അണക്കെട്ടിനു സമീപമാണ് അപകടം. കനത്ത മഴയിൽ റോഡിൽ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണു മൂന്നു വട്ടം കരണം മറിഞ്ഞ് വറ്റിക്കിടന്ന ഡാമിലേക്കു മറിഞ്ഞതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ബസിനടിയിൽപെട്ടാണു കൂടുതൽ പേർക്കും പരുക്കേറ്റത്.

വിദ്യാർഥികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ നിമിഷങ്ങൾക്കകം ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചു. പൊലീസും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പരുക്കേറ്റവരെ ചിക്കമഗളൂരിലും ഹാസനിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരൂവിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

72 വിദ്യാർഥികൾ രണ്ടു ബസുകളിലായാണ് അഞ്ചാം തീയതി വൈകിട്ട് യാത്ര പുറപ്പെട്ടത്. നാളെ മടങ്ങാനിരിക്കെയാണ് അപകടം.